ഭർത്താവിനെ കൊലപ്പെടുത്തിയാൽ 50,000 രൂപ പാരിതോഷികമെന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ്; ഭാര്യക്കെതിരെ കേസ്
ഭർത്താവ് നൽകിയ പരാതിയിലാണ് കേസെടുത്തത്
പ്രതീകാത്മക ചിത്രം
ആഗ്ര: ഭർത്താവിനെ കൊലപ്പെടുത്തിയാൽ 50,000 രൂപ പാരിതോഷികം തരാമെന്ന് അറിയിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആഗ്രയിലെ ബാഹ് ജില്ലയിലാണ് സംഭവം. ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെതുടർന്നാണ് ഇത്തരമൊരു സ്റ്റാറ്റസ് ഇട്ടതെന്നാണ് ഭാര്യയുടെ വിശദീകരണം. സംഭവത്തിൽ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യക്കെതിരെ പൊലീസ് കേസെടുത്തത്ത്. ഭാര്യയുടെ ഒരു സുഹൃത്ത് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.
മധ്യപ്രദേശിലെ ഭിന്ദി സ്വദേശിയായ യുവതിയെ 2022 ജൂലൈ 9 നാണ് വിവാഹം കഴിച്ചത്.വിവാഹത്തിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടാകാൻ തുടങ്ങിയെന്നും ഭർത്താവ് പറഞ്ഞു. വിവാഹം കഴിഞ്ഞ് അഞ്ചുമാസത്തിന് ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. അന്നുമുതൽ യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസം. ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് യുവതി ഭിന്ദിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2023 ഡിസംബർ 21 ന് ഭാര്യയുടെ മാതാപിതാക്കൾ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവാവ് പറയുന്നു. ഭിന്ദിയിൽ നിന്ന് തിരികെ വരുന്നവഴിയാണ് ഭീഷണിപ്പെടുത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ്, ഭർത്താവിനെ കൊല്ലുന്നയാൾക്ക് 50,000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് ഭാര്യ വാട്സ്ആപ്പ് സ്റ്റാറ്റസ് ഷെയർ ചെയ്തതെന്നും യുവാവ് പറയുന്നു.
യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ബാഹ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ശ്യാം സിംഗ് പറഞ്ഞു.
Adjust Story Font
16