'ഭാര്യ സ്വപ്‌നത്തിൽ വന്ന് രക്തം കുടിക്കുന്നു, ഉറങ്ങാൻ പറ്റുന്നില്ല'; വൈകിയെത്തുന്നതിൽ കോൺസ്റ്റബിളിന്റെ വിശദീകരണം
രാവിലത്തെ ബ്രീഫിങ്ങിനെ വൈകിയെത്തുന്നതിനും സേനയുടെ അച്ചടക്കം പാലിക്കാത്തതിനുമാണ് കോൺസ്റ്റബിളിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

മീററ്റ്: ''ഞാനും എന്റെ ഭാര്യയും തമ്മിൽ വഴക്കാണ്, അവൾ സ്വപ്‌നത്തിൽ വന്ന് എന്റെ നെഞ്ചിൽ കയറിയിരുന്ന് രക്തം കുടിക്കാൻ ശ്രമിക്കുന്നു. രാത്രി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. അതുകൊണ്ടാണ് എനിക്ക് സമയത്ത് ജോലിക്ക് വരാൻ കഴിയാത്തത്'' - ഉത്തർപ്രദേശ് പാരാമിലിട്ടറി ഫോഴ്‌സിലെ കോൺസ്റ്റബിൾ മേലുദ്യോഗസ്ഥന്റെ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയാണിത്.
ഫെബ്രുവരി 17നാണ് ബറ്റാലിയൻ ഇൻ ചാർജ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. രാവിലെ നടക്കുന്ന ബ്രീഫിങ്ങിന് കോൺസ്റ്റബിൾ സ്ഥിരമായി വൈകിയെത്തുന്നതും ശരിയായ രീതിയിൽ ഷേവ് ചെയ്യുന്നില്ലെന്നും മിക്കപ്പോഴും യൂണിറ്റിലെ പ്രവർത്തനങ്ങൾക്ക് ഹാജരാകുന്നില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തിയിരുന്നു.
ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടെന്നും ദൈവത്തിന് മുന്നിൽ സ്വയം സമർപ്പിക്കാനാണ് തീരുമാനമെന്നും കോൺസ്റ്റബിൾ പറയുന്നു. ആത്മമുക്തിയിലേക്ക് നയിച്ച് തന്റെ ഈ ദുരിതം അവസാനിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ സഹായിക്കണമെന്ന അപേക്ഷയും കോൺസ്റ്റബിൾ നൽകിയ മറുപടിക്കത്തിലുണ്ട്.
കോൺസ്റ്റബിളിന്റെ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ബറ്റാലിയൻ കമാൻഡന്റ് സത്യേന്ദ്ര പട്ടേൽ പറഞ്ഞു. ആരാണ് കോൺസ്റ്റബിൾ എന്നും എന്താണ് അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളെന്നും വിശദമായി അന്വേഷിക്കും. കൗൺസിലിങ് ആവശ്യമുണ്ടെങ്കിൽ അത് നൽകുമെന്നും പട്ടേൽ പറഞ്ഞു.
Adjust Story Font
16