'മുസ്‍ലിംകൾക്ക് നൽകുന്ന നാല് ശതമാനം സംവരണം നിർത്തലാക്കും': തെലങ്കാനയിൽ അമിത് ഷായുടെ പ്രഖ്യാപനം
തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ അയോധ്യയിലേക്ക് സൗജന്യ യാത്ര നടത്തുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു
മുസ്‍ലിം സമുദായത്തിന്റെ നാല് ശതമാനം സംവരണം ബിജെപി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നവംബർ 30 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിലെ ജഗ്തിയാലിൽ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രഖ്യാപനം.
മുസ്‍ലിംകൾക്ക് നൽകുന്ന നാല് ശതമാനം സംവരണം നിർത്തലാക്കുകയും, പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്കിടയിലും മറ്റ് പിന്നാക്ക വിഭാഗക്കാർക്കിടയിലും അത് വിതരണം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാർക്കിടയിൽ മുസ്‌ലിം സംവരണം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. തെലങ്കാനയിലെ മാഡിഗ സമുദായത്തിന് എസ്.സി വിഭാഗത്തിൽ സംവരണവും ഷാ പ്രഖ്യാപിച്ചു.
ബിആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അമിത് ഷായുടെ പ്രചാരണം പുരോഗമിച്ചത്. തെലങ്കാന മുഖ്യമന്ത്രി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‍ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയെ ഭയന്നാണ് കെ ചന്ദ്രശേഖർ റാവു ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കാത്തതെന്ന് അമിത് ഷാ ആരോപിച്ചു.
"റസാക്കറുകളിൽ നിന്നുള്ള നമ്മുടെ മോചനത്തെ ഓർക്കാൻ നമ്മൾ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കേണ്ടതല്ലേ? ഒവൈസിയെ ഭയന്ന് കെസിആർ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കുന്നില്ല. എന്നാൽ ഒവൈസിയെ ഞങ്ങൾ ഭയപ്പെടുന്നില്ല. തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ഞങ്ങൾ ഹൈദരാബാദ് വിമോചന ദിനം സംസ്ഥാന ദിനമായി ആഘോഷിക്കും": അമിത് ഷാ പറഞ്ഞു.
ബിആർഎസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കാറാണ്. എന്നാൽ, അതിന്റെ സ്റ്റിയറിങ് കെസിആറിന്റെയോ കെടിആറിന്റെയോ കവിതയുടെയോ അല്ല, ഒവൈസിയുടെ കൈകളിലാണുള്ളത്. ഒവൈസിയുടെ കൈകളിൽ തെലങ്കാനയുടെ കാറിന് ശരിയായി ഓടാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
'വംശീയ രാഷ്ട്രീയ'ത്തിന്റെ പേരിൽ ബിആർഎസിനെയും എഐഎംഐഎം, കോൺഗ്രസ് പാർട്ടികളെയും അമിത് ഷാ കടന്നാക്രമിച്ചു. ഈ പാർട്ടികളെല്ലാം 2ജി, 3ജി, 4ജി പാർട്ടികളാണെന്നായിരുന്നു പരിഹാസം. ഒപ്പം കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും മന്ത്രി ഉയർത്തിക്കാട്ടി. പ്രധാനമന്ത്രി മോദി ഇന്ത്യയുടെ പതാക ചന്ദ്രയാനിൽ കയറ്റി ചന്ദ്രനിലേക്ക് കൊണ്ടുപോയി, പുതിയ പാർലമെന്റ് നിർമ്മിച്ചു, ജി 20 ഉച്ചകോടി സംഘടിപ്പിച്ച് ഇന്ത്യയുടെ അഭിമാനം ഉയർത്തി, ലോകത്തെ 11-ാം റാങ്കിൽ നിന്ന് ഇന്ത്യയുടെ സാമ്പത്തിക വലുപ്പം മോദി അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ അയോധ്യയിലേക്ക് സൗജന്യ യാത്ര നടത്തുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു. തെലങ്കാനയിൽ നവംബർ 30 നാണു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കൂടാതെ മറ്റ് നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഡിസംബർ 3നാണ് നടക്കുക. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നറിയപ്പെട്ടിരുന്ന ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) 119 സീറ്റുകളിൽ 88 എണ്ണം നേടിയാണ് അധികാരത്തിലെത്തിയത്. മൊത്തം വോട്ടിന്റെ 47.4 ശതമാനമാണ് ബിആർഎസ് നേടിയത്. 19 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.
Adjust Story Font
16