'അഴിമതിക്കെതിരെ നിരാഹാരം': സ്വന്തം സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് സമരത്തിന്
അശോക് ഗെഹ്‍ലോട്ടിനെതിരെ പുതിയ പോര്‍മുഖം തുറന്ന് സച്ചിന്‍ പൈലറ്റ്
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെതിരെ വീണ്ടും പരസ്യ പോരുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അഴിമതിക്കെതിരെ ചൊവ്വാഴ്ച ഏകദിന നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുൻ ബി.ജെ.പി സർക്കാരിന്റെ അഴിമതിക്കെതിരെ അശോക് ഗെഹ്‍ലോട്ട് സർക്കാർ നടപടിയെടുക്കണമെന്നാണ് ആവശ്യം.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാലിക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. ലഹരി മാഫിയ, അനധികൃത ഖനനം, ഭൂമി കയ്യേറ്റം എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി.
വസുന്ധരരാജെ സിന്ധ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗെഹ്‍ലോട്ടിന്‍റെ പഴയ വീഡിയോ സച്ചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു. എന്തുകൊണ്ട് ഗെഹ്‍ലോട്ട് ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തിയില്ലെന്നും സച്ചിന്‍ പൈലറ്റ് ചോദിച്ചു. മുൻ ബി.ജെ.പി സർക്കാരിനെതിരെ കോൺഗ്രസ് സർക്കാരിന്റെ പക്കൽ തെളിവുകൾ ഉണ്ടെന്നും എന്നിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.
"ഈ വാഗ്ദാനങ്ങൾ പാലിക്കാതെ നമുക്ക് തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല. നമ്മുടെ പക്കൽ തെളിവുകൾ ഉണ്ട്. നമ്മള്‍ നടപടിയെടുക്കേണ്ടതായിരുന്നു. നമ്മള്‍ അന്വേഷിക്കണം. ഇനി തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. മാതൃകാ പെരുമാറ്റച്ചട്ടം ഉടൻ ഉണ്ടാകും. നമ്മള്‍ ജനങ്ങളോട് ഉത്തരം പറയണം"- സച്ചിന്‍ പൈലറ്റ് പറഞ്ഞു.
രാജസ്ഥാനിലെ കാര്യങ്ങളെക്കുറിച്ച് പാർട്ടി നേതൃത്വത്തിന് താൻ നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു- "ഇത് നമ്മുടെ സർക്കാരാണ്. നമ്മള്‍ പ്രവർത്തിക്കേണ്ടതുണ്ട്. എങ്കില്‍ ജനങ്ങള്‍ക്ക് നമ്മളില്‍ വിശ്വാസമുണ്ടാകും".
നേരത്തെ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടപ്പോള്‍ സമരങ്ങളുടെ നേതൃനിരയിലൊന്നും സച്ചിന്‍ പൈലറ്റ് ഉണ്ടായിരുന്നില്ല. താന്‍ ഉയർത്തിയ വിഷയങ്ങളിൽ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്തതിന്റെ പേരിൽ ഹൈക്കമാൻഡുമായി പൈലറ്റ് ഇടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായോ പ്രചാരണ സമിതിയുടെ തലവനായോ നിയമിക്കാനായി പൈലറ്റ് ക്യാമ്പ് മുന്നോട്ടുവെയ്ക്കുന്ന സമ്മർദ തന്ത്രമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് സ്വന്തം സര്‍ക്കാരിനെതിരെ പരസ്യ സമരവുമായി സച്ചിന്‍ പൈലറ്റ് രംഗത്തിറങ്ങുന്നത്.
Summary- Congress leader Sachin Pilot opened a fresh line of attack on his rival Chief Minister Ashok Gehlot announcing that he will sit on a one-day fast against corruption on Tuesday
Adjust Story Font
16