ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത; പ്രതിപക്ഷ ഐക്യനീക്കത്തിന് തിരിച്ചടി
ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചതിനു പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം
Mamata Banerjee
കൊല്‍ക്കത്ത: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ജനങ്ങളുടെ പിന്തുണയോടെ തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യ നീക്കത്തിന് തിരിച്ചടിയാണ് മമതയുടെ പ്രഖ്യാപനം.
ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചതിനു പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് മമത ആരോപിച്ചു- "അവിശുദ്ധ കൂട്ടുകെട്ടുണ്ടെങ്കിൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ എങ്ങനെ പോരാടും? ഇടതുപക്ഷം ബി.ജെ.പിയെ എങ്ങനെ നേരിടും? സി.പി.എമ്മിനും കോൺഗ്രസിനും ബി.ജെ.പി വിരുദ്ധത എങ്ങനെ അവകാശപ്പെടാന്‍ കഴിയും?"
സര്‍ദിഗി ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന്‍റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തതാണ് മമതയെ പ്രകോപിപ്പിച്ചത്. കോൺഗ്രസും ഇടതുപക്ഷവും ബി.ജെ.പിയും സർദിഗിയിൽ വർഗീയ കാർഡിറക്കിയെന്ന് മമത ആരോപിച്ചു- "സി.പി.എമ്മിന്റെയോ കോൺഗ്രസിന്റെയോ വാക്കുകൾ കേൾക്കേണ്ടതില്ല. ബി.ജെ.പിക്കൊപ്പം പ്രവർത്തിക്കുന്നവരോട് സഖ്യമുണ്ടാക്കാൻ കഴിയില്ല. 2024ൽ തൃണമൂലും ജനങ്ങളും തമ്മിൽ സഖ്യമുണ്ടാക്കും. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഞങ്ങൾ സഖ്യമുണ്ടാക്കില്ല. ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും".
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് മുന്‍കയ്യെടുത്ത നേതാവായിരുന്നു മമത ബാനര്‍ജി. പക്ഷെ ആ നീക്കം വിജയിച്ചില്ല. മാത്രമല്ല ബംഗാളില്‍ 42 സീറ്റുകളിൽ 18 എണ്ണത്തില്‍ വിജയിച്ച് ബി.ജെ.പി നേട്ടമുണ്ടാക്കുകയും ചെയ്തു. അതിനുശേഷം മമത ബാനർജി ബംഗാളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പ്രതിപക്ഷ ഐക്യത്തിനായുള്ള വേദികളില്‍ മമത പങ്കെടുക്കാതെയായി.
"ബി.ജെ.പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ മൂന്ന് ശക്തികളെയും ഒരുമിച്ച് നേരിടാൻ തൃണമൂൽ കോൺഗ്രസ് മതി. 2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളത് ചെയ്തു. ആശങ്കപ്പെടേണ്ട കാര്യമില്ല"- മമത ബാനര്‍ജി പറഞ്ഞു.
2021ല്‍ മൂന്നാംതവണയും ബംഗാളില്‍ അധികാരത്തിലെത്താന്‍ തൃണമൂലിന് കഴിഞ്ഞു. എന്നാല്‍ ബംഗാളിനു പുറത്ത് സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കം വിജയിച്ചില്ല. ഗോവയിലും ത്രിപുരയിലും അക്കൗണ്ട് തുറക്കാനുള്ള തൃണമൂലിന്‍റെ ശ്രമം പരാജയപ്പെട്ടു. എന്നാൽ മേഘാലയയിൽ അഞ്ച് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു.
Summary- The Trinamool Congress will fight the national election next year alone with people's support, party chief and West Bengal Chief Minister Mamata Banerjee declared
Adjust Story Font
16