Quantcast

'ഭയപ്പെടില്ല, ഇനിയും പാടും': യോഗി സര്‍ക്കാരിനെ ഗാനത്തിലൂടെ വിമര്‍ശിച്ചതിന് നോട്ടീസ് ലഭിച്ച ഗായിക

'വിയോജിപ്പിന്‍റെയോ വിമർശനത്തിന്‍റെയോ എല്ലാ ശബ്ദങ്ങളെയും ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആ ഗാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു'

MediaOne Logo

Web Desk

  • Published:

    22 Feb 2023 1:42 PM GMT

Neha Singh Rathore about viral song against up government
X

നേഹ സിങ് റാത്തോഡ്

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ആക്ഷേപഹാസ്യ ഗാനത്തിലൂടെ വിമര്‍ശിച്ചതിന് പൊലീസിന്‍റെ നോട്ടീസ് ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗായിക നേഹ സിങ് റാത്തോഡ്. ഭയക്കില്ലെന്നും ഇനിയും പാടുമെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നേഹ പറഞ്ഞു.

"ഞാൻ വെറുമൊരു നാടന്‍പാട്ട് കലാകാരിയാണ്. ഈ വലിയ നേതാക്കളുടെ മുന്നിൽ ഞാന്‍ ആരുമല്ല. ഇത് അസഹിഷ്ണുതയാണ്. വിയോജിപ്പിന്‍റെയോ വിമർശനത്തിന്‍റെയോ എല്ലാ ശബ്ദങ്ങളെയും ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആ ഗാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാൻ പാടിക്കൊണ്ടേയിരിക്കും. കഴിഞ്ഞ തവണ അവർ എന്നെ ട്രോളിയിരുന്നു. ഞാൻ എന്തിന് പാടുന്നത് അവസാനിപ്പിക്കണം? എനിക്ക് ഭയമില്ല. എന്നെ ഭയപ്പെടുത്താനാവില്ല"- നേഹ പറഞ്ഞു.

പൊലീസ് തനിക്ക് നോട്ടീസ് നല്‍കുന്നതിന് തൊട്ടുമുന്‍പ് ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമം നടന്നതായി നേഹ പറഞ്ഞു. ഒരു സ്ത്രീ ഭര്‍ത്താവിനെ വിളിച്ച് സിവിൽ സർവീസ് പരീക്ഷയ്ക്ക് മാർഗനിർദേശത്തിനായി കാണണമെന്ന് ആവശ്യപ്പെട്ടെന്നും അത് അദ്ദേഹത്തെ കുടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും നേഹ പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ ഒഴിപ്പിക്കലിനെതിരെയായിരുന്നു നേഹയുടെ ആക്ഷേപഹാസ്യ ഗാനം. കാണ്‍പൂരിലെ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും വെന്തുമരിച്ച സംഭവം ആസ്പദമാക്കിയായിരുന്നു ഗാനം. കുടിയൊഴിപ്പിക്കലിനിടെ കുടിലിന് തീപിടിച്ച് 45കാരിയായ പ്രമീള ദീക്ഷിതും മകളുമാണ് വെന്തുമരിച്ചത്. പൊലീസ് കുടിലിന് തീയിട്ടുവെന്നാണ് ആരോപണം. എന്നാല്‍ ഇരുവരും സ്വയം കുടിലിന് തീയിട്ടതാണെന്നാണ് പൊലീസ് പറയുന്നത്.

കാണ്‍പൂര്‍ സംഭവത്തെ കുറിച്ചുള്ള നേഹയുടെ പാട്ട് സമൂഹത്തില്‍ അസ്വസ്ഥതയും അസ്വാരസ്യവും സൃഷ്ടിച്ചെന്ന് പറഞ്ഞാണ് പൊലീസ് ഗായികയുടെ വീട്ടിലെത്തിയത്. പാട്ടിന്‍റെ വരികളെഴുതിയതും ദൃശ്യത്തിലുള്ളതും നേഹയാണോ എന്ന് പൊലീസ് ചോദിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആ വിഡിയോ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടോയെന്നും പൊലീസ് ആരാഞ്ഞു. ഗാനത്തെ കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് നേഹയ്ക്ക് മൂന്നു ദിവസത്തെ സമയം നല്‍കി.

"ഈ ഗാനം സമൂഹത്തിൽ ശത്രുതയും അസ്വസ്ഥതയും സൃഷ്ടിച്ചു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാൻ നിങ്ങൾക്ക് നിയമപരമായി ബാധ്യതയുണ്ട്. അതിനാൽ നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണം. നിങ്ങളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും" എന്നാണ് നോട്ടീസില്‍ പറയുന്നത്.

നേഹയ്ക്കെതിരായ നടപടിയെ വിമര്‍ശിച്ച് ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി- "നേഹ ഭയക്കാതെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ, ബി.ജെ.പി സർക്കാർ അവരുടെ വീട്ടിലേക്ക് പൊലീസിന്‍റെ കയ്യില്‍ നോട്ടീസ് കൊടുത്തുവിട്ടു. ഒരു ഗായികയുടെ ശബ്ദത്തെ ബി.ജെ.പി ഇത്രമാത്രം ഭയപ്പെടുന്നുണ്ടോ? ഇത് നാണക്കേടാണ്"- എന്നാണ് മനീഷ് സിസോദിയയുടെ പ്രതികരണം. യോഗി ആദിത്യനാഥിനെ കുറിച്ചു മാത്രമല്ല നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കളെ കുറിച്ചും നേഹ ആക്ഷേപഹാസ്യ ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്.

Summary- Bhojpuri folk singer Neha Singh Rathore, who has been served notice by the Uttar Pradesh Police for a satirical song that taunted the Yogi Adityanath government, has said she will continue singing

TAGS :

Next Story