'മിയ മുസ്‌ലിംകളെ അസം പിടിച്ചെടുക്കാൻ അനുവദിക്കില്ല'; വിദ്വേഷം തുടർന്ന് ഹിമന്ത ബിശ്വ ശർമ
ജനസംഖ്യാ വർധനവ് കണക്കിലെടുത്താൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു
ഗുവാഹത്തി: വിദ്വേഷ പ്രചാരണം നടത്തുന്നത് തുടർന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മിയ മുസ്‌ലിംകളെ സംസ്ഥാനം പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്നായിരുന്നു അസം മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടേത് പക്ഷപാതപരമായ നിലപാടാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. താൻ പക്ഷം പിടിക്കുമെന്നും നിങ്ങൾക്ക് ഇതിൽ എന്ത് ചെയ്യാൻ കഴിയുമെന്നുമായിരുന്നു ഇതിന് ശർമയുടെ മറുപടി.
'ലോവർ അസമിൽ നിന്നുള്ള ആളുകൾ എന്തിനാണ് അപ്പർ അസമിലേക്ക് പോകുന്നത്? അപ്പോൾ മിയ മുസ്‌ലിംകൾക്ക് അസം പിടിച്ചെടുക്കാൻ കഴിയുമോ? അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല' എന്നായിരുന്നു ബിശ്വ ശർമയുടെ പരാമർശം. അവിടെ താമസിക്കുന്നവരുടെ ആഗ്രഹത്തിന് വിരുദ്ധമായി അപ്പർ അസമിലേക്ക് പോയാൽ അവിടെ ഒരു സുരക്ഷയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം, ഒരു പ്രത്യേക സമുദായത്തിലെ ആളുകൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'മിയ'. നേരത്തെയും, മിയ മുസ്‌ലിംകൾക്കെതിരെ അധിക്ഷേപ പരാമർശവുമായി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയിരുന്നു. അപ്പർ അസമിൽ നിന്ന് മിയ മുസ്‌ലിംകൾ വിട്ടുപോകണമെന്ന് മതമൗലികവാദ സംഘടനകൾ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഒമ്പത് ജില്ലകൾ ഉൾപ്പെടുന്ന അപ്പർ അസം, അസമീസ് രാഷ്ട്രീയത്തിൻ്റെ ഹൃദയഭൂമിയാണ്.
നിയമസഭയിൽ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗോണിൽ 14 വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യാനായിരുന്നു അടിയന്തരപ്രമേയം. സഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉയർന്നതോടെ സ്പീക്കർ സഭാ നടപടികൾ 10 മിനിറ്റ് നിർത്തിവെച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്ത്രീകൾക്കെതിരെയുള്ള ഇത്തരം 22 കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നും ഇത് 23-ാമത്തെ സംഭവമാണെന്നും ശർമ പറഞ്ഞു. ജനസംഖ്യാ വർധനവ് കണക്കിലെടുത്താൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
നാഗോൺ ജില്ലയിൽ, ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. പത്താം ക്ലാസ് വിദ്യാർഥിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ മിയ മുസ്‌ലിംകളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓൾ തായ് അഹോം സ്റ്റുഡൻ്റ്സ് യൂണിയൻ രംഗത്തെത്തി. കുടിയേറ്റ മുസ്‌ലിംകൾ വാടകവീടുകൾ ഒഴിഞ്ഞ് എത്രയും വേഗം ശിവസാഗർ വിടാൻ ഏഴ് ദിവസത്തെ അന്ത്യശാസനം അയച്ചതായും സ്റ്റുഡൻ്റ്സ് യൂണിയൻ അംഗങ്ങൾ പറഞ്ഞു. അപ്പർ അസമിൽ ഉൾപ്പെടുന്ന ജില്ലയാണ് ശിവസാഗർ.
ഇതിനുപുറമേ, പല ഹിന്ദു സംഘടനകളും മുസ്‌ലിം സമുദായത്തിലുള്ളവർ അപ്പർ അസം വിട്ടുപോകണമെന്നും അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഹിമാചൽ പ്രദേശിന് ശേഷം, മുസ്‌ലിംകളോട് അവർ താമസിക്കുന്ന സ്ഥലം വിട്ടുപോകാണമെന്ന് പരസ്യമായി അന്ത്യശാസനം നൽകുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് അസം. അസമിലെ മുസ്‌ലിം ജനസംഖ്യ വർധിക്കുന്നത് കേവലം ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും മറിച്ച് ജീവന്‍മരണ പ്രശ്നമാണെന്നുമുള്ള ബിശ്വ ശർമയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇത്തരത്തിൽ ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്.
ഭീഷണി മുഴക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.യു.ഡി.എഫ്, ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് നിവേദനം നൽകി. എല്ലാ സമുദായങ്ങളുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകുന്ന പരസ്യപ്രസ്താവന, ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
നേരത്തെയും പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് അസം മുഖ്യമന്ത്രി വിവാദപരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അസമീസ് സ്വദേശികളായി അംഗീകരിക്കണമെങ്കിൽ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉപേക്ഷിക്കണമെന്നും രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുതെന്നും അസമിലെ ബംഗ്ലാദേശ് മുസ്‍ലിം കുടിയേറ്റക്കാർക്ക് മുന്നില്‍ ഹിമന്ത നിബന്ധനകള്‍ വച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു ഹിമന്തയുടെ പരാമര്‍ശം. 2011ലെ സെൻസസ് പ്രകാരം അസമിലെ മൊത്തം ജനതയുടെ 34 ശതമാനവും മുസ്‍ലിംകളാണ്. ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശ് വംശജരായ മുസ്‍ലിംകളും അസമീസ് സംസാരിക്കുന്ന തദ്ദേശീയ മുസ്‍ലിംകളുമാണ് ഇവരിൽ കൂടുതലും.
Adjust Story Font
16