'ഇന്ത്യയിൽ ഫേസ്ബുക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കും'; മുന്നറിയിപ്പുമായി കർണാടക ഹൈക്കോടതി
ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്
ബംഗളൂരു: സമൂഹമാധ്യമ ഭീമൻ ഫേസ്ബുക്കിനു മുന്നറിയിപ്പുമായി കർണാടക ഹൈക്കോടതി. ഇന്ത്യയിൽ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്താനുള്ള ഉത്തരവിറക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. വ്യാജ പ്രൊഫൈൽ കേസുമായി ബന്ധപ്പെട്ട് കമ്പനി മംഗളൂരു പൊലീസിനോട് സഹകരിക്കാത്തതു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പ്രതികരണം.
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മംഗളൂരു സ്വദേശി ശൈലേഷ് കുമാറിന്റെ(52) ഭാര്യ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 25 വർഷമായി സൗദിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ശൈലേഷ്. 2019ൽ ഇദ്ദേഹം പൗരത്വ ഭേദഗതി നിയമത്തെ(സി.എ.എ) അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതിനുപിന്നാലെ ഷൈലേശിന്റെ പേരിൽ ചില സാമൂഹികദ്രോഹികൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സൗദി രാജാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടുവെന്ന് പരാതിയിൽ ഭാര്യ കവിത ചൂണ്ടിക്കാട്ടി.
ശൈലേഷ് വിവരം കുടുംബത്തെ അറിയിക്കുകയും കവിത മംഗളൂരു പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനിടയിലാണ് രാജാവിനെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ ശൈലേഷ് അറസ്റ്റിലായതെന്നും കവിതയുടെ ഹരജിയിൽ പറയുന്നു. തുടർന്നാണ് വ്യാജ അക്കൗണ്ട് നിർമിച്ചയാളുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി മംഗളൂരു പൊലീസ് ഫേസ്ബുക്കിനെ സമീപിച്ചത്. എന്നാൽ, കത്തിനോട് ഫേസ്ബുക്ക് പ്രതികരിച്ചില്ലെന്ന് പൊലീസ് പറയുന്നു.
ഇതിനിടെ, കേസിൽ അന്വേഷണം വൈകുന്നത് ചൂണ്ടിക്കാട്ടി കവിത കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഭർത്താവിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായവും ഇവർ തേടിയിട്ടുണ്ട്. കേസിൽ എന്തു തുടർനടപടിയാണ് സ്വീകരിക്കേണ്ടതെന്ന് അറിയിക്കാൻ കർണാടക കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ മംഗളൂരു പൊലീസിനോടും ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കാൻ ജൂൺ 22ലേക്ക് മാറ്റിയിട്ടുണ്ട്.
Summary: Will order shutdown of Facebook operations in India: Karnataka High Court warns
Adjust Story Font
16