Quantcast

"ഞങ്ങൾ കൂടെയുണ്ട്, ഉടൻ പുറത്തേക്ക് ഇറങ്ങാനാകും..": തുരങ്കത്തിനുള്ളിലേക്ക് പ്രതീക്ഷയുടെ വാക്കുകൾ

നിരവധി വെല്ലുവിളികൾ കാരണം കഴിഞ്ഞ ഒരാഴ്ചയായി, തൊഴിലാളികളെ രക്ഷിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    21 Nov 2023 10:20 AM GMT

tunnel accident uttarakhand
X

ഉത്തരകാശി: ജോലി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന കട്ടിയുള്ള ക്യാപ്പുകൾ ആരും തന്നെ ഊരിമാറിയിരുന്നില്ല. കഴിഞ്ഞ പത്തുദിവസമായി പുറംലോകം കണ്ടിട്ടില്ലെങ്കിലും പ്രതീക്ഷയും ആത്മവിശ്വാസവും ഓരോ തൊഴിലാളികളുടെയും മുഖത്ത് നിഴലിക്കുന്നുണ്ട്. ആറിഞ്ച് പൈപ്പിലൂടെ എത്തിയ ക്യാമറക്ക് മുന്നിൽ ഓരോരുത്തരായി എത്തി കൈവീശി കാട്ടി തങ്ങൾ സുരക്ഷിതരാണെന്ന് അറിയിച്ചു. ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കും ഇത് നൽകിയ ആശ്വാസം ചെറുതല്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തരകാശിയിലെ സിൽക്യാര മുതൽ ദണ്ഡൽഗാവ് വരെ നിർമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നത്. തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെ മണ്ണിടിഞ്ഞ് പുറത്തേക്കുള്ള ഭാഗം അടയുകയായിരുന്നു. 41തൊഴിലാളികളാണ് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ നല്‍കുന്നതിനായി ഇന്നലെ രാത്രി തകര്‍ന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഘടിപ്പിച്ച ആറിഞ്ച് പൈപ്പിലൂടെയാണ് തുരങ്കത്തിനുള്ളിലേക്ക് എൻഡോസ്കോപ്പി ക്യാമറ അയച്ചത്.

പത്ത് ദിവസത്തിനിടെ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങളായിരുന്നു ഇന്ന് പുലർച്ചെ 3.45ഓടെ പുറത്തുവന്നത്. ക്യാമറയിൽ തൊഴിലാളികളുടെ മുഖം കണ്ടതോടെ രക്ഷാപ്രവർത്തകർക്കും ആവേശം. നിമിഷങ്ങൾക്കുള്ളിൽ ഈ ആവേശം ഗൗരവമായി മാറി. തൊഴിലാളികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഉടൻ പുറത്തെത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

"നിങ്ങൾക്ക് സുഖമല്ലേ?" ആദ്യ ചോദ്യം ഇങ്ങനെ. കുഴപ്പമൊന്നുമില്ലെങ്കിൽ ഓരോരുത്തരായി ക്യാമറക്ക് മുന്നിൽ വന്ന് കൈ ഉയർത്തി കാട്ടാൻ രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടു. ഊഴം കാത്ത് ഓരോരുത്തരായി ക്യാമറക്ക് മുന്നിലേക്ക്. പുഞ്ചിരിച്ച് കൈ വീശി കാണിച്ച തൊഴിലാളികളെ കണ്ടപ്പോൾ രക്ഷാപ്രവർത്തകർക്കും ആത്മവിശ്വാസം വർധിച്ചു. മുഖത്ത് ക്ഷീണം പ്രകടമായിരുന്നെങ്കിലും എല്ലാവരും തങ്ങൾ സുഖമായിരിക്കുന്നുവെന്ന് പറഞ്ഞു.

വളരെ വേഗം തന്നെ ഞങ്ങൾ നിങ്ങളിലേക്ക് എത്തുമെന്നും വിഷമിക്കരുതെന്നും രക്ഷാപ്രവർത്തകർ തൊഴിലാളികളോട് പറഞ്ഞു. വാക്കി ടോക്കി എങ്ങനെ പ്രവർത്തിപ്പിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ തൊഴിലാളികൾക്ക് നൽകുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരങ്കത്തിനുള്ളിലേക്ക് സ്ഥാപിച്ച ആറിഞ്ച് പൈപ്പ് ആണ് അവരുടെ ജീവനാഡി. പ്രദേശത്തെ ഭൂപ്രകൃതിയും പാറകളുടെ സ്വഭാവവും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ കാരണം കഴിഞ്ഞ ഒരാഴ്ചയായി, തൊഴിലാളികളെ രക്ഷിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു

കേന്ദ്രത്തിന്റെ ചാർ ധാം പദ്ധതികളുടെ ഭാഗമായ ഈ തുരങ്കം ഉത്തരാഖണ്ഡിലെ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരകാശിയെയും യമുനോത്രിയെയും ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്ന റോഡിലാണ് തുരങ്കമുള്ളത്.

TAGS :

Next Story