'ഈ വാക്ക് കുറിച്ചു വെച്ചോളൂ...,മോദി വീണ്ടും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും'; എഎപി നേതാവ് സോമനാഥ് ഭാരതി
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസും രംഗത്തെത്തിയിരുന്നു
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രവചനങ്ങളെ തള്ളി ആം ആദ്മി പാർട്ടി നേതാവും ഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ഇൻഡ്യ സഖ്യം സ്ഥാനാർഥി കൂടിയായ സോമനാഥ് ഭാരതി. മോദി വീണ്ടും പ്രധാനമന്ത്രിയായാൽ തന്റെ തല മൊട്ടയടിക്കുമെന്ന് സോമനാഥ് പറഞ്ഞു.ഡൽഹിയിലെ ഏഴ് സീറ്റുകളും ഇൻഡ്യ മുന്നണി ജയിക്കുമെന്നും അദ്ദേഹം സോഷ്യൽമീഡിയയായ എക്‌സിൽ കുറിച്ചു. മോദിയെ ഭയന്നാണ് എക്‌സിറ്റ് പോളുകൾ അദ്ദേഹത്തിന് അനുകൂലമായി ഫലം പ്രവചിച്ചതെന്നും സോമനാഥ് പറയുന്നു.
' മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ ഞാൻ എന്റെ തല മൊട്ടയടിക്കും. എന്റെ ഈ വാക്ക് കുറിച്ചുവെച്ചോളൂ... എല്ലാ എക്സിറ്റ് പോളുകളും തെറ്റാണെന്ന് ജൂൺ നാലിന് തെളിയിക്കപ്പെടും. മോദി ജി മൂന്നാം തവണയും പ്രധാനമന്ത്രിയാകില്ല. ഡൽഹിയിൽ ഏഴ് സീറ്റുകളും ഇൻഡ്യ മുന്നണിക്ക് ലഭിക്കും. തന്റെ തോൽവികളെ പ്രവചിക്കാൻ എക്‌സിറ്റ് പോളുകളെ മോദി അനുവദിക്കുന്നില്ല.അതുകൊണ്ട് യഥാർഥ ഫലങ്ങൾക്കായി ജൂൺ നാലുവരെ നാമെല്ലാവരും കാത്തിരിക്കേണ്ടിവരും. ജനങ്ങൾ ബി.ജെ.പിക്കെതിരെ ശക്തമായി തന്നെ വോട്ടുകൾ ചെയ്തിട്ടുണ്ട്...അദ്ദേഹം എക്‌സിൽ കുറിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസും രംഗത്തെത്തിയിരുന്നു.ഫലങ്ങൾ ബിജെപി സ്‌പോൺസർ ചെയ്തതാണെന്നും യഥാർത്ഥ ഫലം വ്യത്യസ്തമായിരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം, കേരളവും തമിഴ്നാടും പഞ്ചാബും , ഒരുപരിധി വരെ മഹാരാഷ്ട്രയും മാറ്റി നിർത്തിയാൽ കടുത്ത നിരാശയാണ് എക്‌സിറ്റ് പോൾ ഇൻഡ്യ മുന്നണിക്ക് സമ്മാനിക്കുന്നത്.
Adjust Story Font
16