ടീസ്‌ത സെതൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും വിട്ടയക്കണം: സി.പി.എം
'വർഗീയ സംഘർഷങ്ങളില്‍ സര്‍ക്കാരിനുള്ള പങ്ക് ചോദ്യംചെയ്യാൻ ആരും ധൈര്യപ്പെടരുതെന്ന ഭീഷണിയാണ് ടീസ്‌തയുടെ അറസ്‌റ്റിലൂടെ നല്‍കുന്നത്'
ഡൽഹി: ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി ലഭിക്കാൻ നിശ്ചയദാർഢ്യത്തോടെ പൊരുതിയ ടീസ്‌ത സെതൽവാദിനെ അറസ്റ്റ് ചെയ്‌ത നടപടിയെ അപലപിക്കുന്നുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. വർഗീയ സംഘർഷങ്ങളില്‍ സര്‍ക്കാരിനുള്ള പങ്ക് ചോദ്യംചെയ്യാൻ ആരും ധൈര്യപ്പെടരുതെന്ന ഭീഷണിയാണ് ടീസ്‌തയുടെ അറസ്‌റ്റിലൂടെ നല്‍കുന്നതെന്നും പി.ബി വിലയിരുത്തി.
പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന നടപടിയാണിത്. 'നിയമ നടപടികൾ ദുരുപയോഗം ചെയ്‌ത എല്ലാവരെയും വിചാരണ ചെയ്യണം. നിയമാനുസൃത നടപടി സ്വീകരിക്കണം' എന്ന സുപ്രികോടതി മൂന്നംഗ ബെഞ്ചിന്‍റെ ഉത്തരവിലെ നിരീക്ഷണത്തിന് പിന്നാലെയാണ് അറസ്റ്റ്. സാകിയ ജഫ്രിയും ടീസ്റ്റ സെതല്‍വാദും ചെയ്തതു പോലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി ചോദ്യംചെയ്‌ത് ആരെങ്കിലും കോടതിയെ സമീപിച്ചാൽ അവർക്കെതിരെ 'നിയമ നടപടികൾ ദുരുപയോഗം ചെയ്‌തു' എന്ന കുറ്റം ചുമത്താവുന്ന സാഹചര്യമാണുള്ളതെന്നും സി.പി.എം വിലയിരുത്തി.
സമുദായങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കിയതിന് ഐ.പി.സി പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് കേസിൽ നിയമസഹായത്തിന് സുപ്രിംകോടതി ചുമതലപ്പെടുത്തിയ അമിക്കസ്‌ക്യൂറി എസ്.ഐ.ടിയോട് ശിപാർശ ചെയ്‌തിരുന്നു. 2004 ഏപ്രിലിൽ സുപ്രിംകോടതി തന്നെയാണ് അന്ന് ഗുജറാത്ത് സർക്കാരിനെ നയിച്ചവര്‍ 'ആധുനിക നീറോ ചക്രവർത്തിമാരെ'പോലെയാണ് പ്രവർത്തിക്കുന്നെന്ന് വിമർശിച്ചത്. എന്നാൽ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ചിന്‍റെ വിധി അതൊന്നും പരിഗണിച്ചില്ല. പകരം, നിയമസംവിധാനത്തിൽ ഉറച്ചുവിശ്വസിക്കുന്ന ടീസ്‌തയെപ്പോലെയുള്ളവരെ ശിക്ഷിക്കുകയാണ്. തിരുത്തൽ ഹരജിക്ക് എല്ലാ സാധ്യതയുമുള്ള ഉത്തരവാണിതെന്നും സി.പി.എം വിലയിരുത്തി. ടീസ്‌ത, ആർ ബി ശ്രീകുമാർ തുടങ്ങിയവർക്ക് എതിരായ കേസുകൾ പിൻവലിച്ച് അവരെ ഉടൻ മോചിപ്പിക്കണമെന്ന് സി.പി.എം പി.ബി ആവശ്യപ്പെട്ടു.
Adjust Story Font
16