മോദി വീണ്ടും അധികാരത്തിലെത്തിയാൽ ആറ് മാസത്തിനകം പാക് അധീന കശ്മീർ ഇന്ത്യയുടേതാകും: യോഗി ആദിത്യനാഥ്
‘പാകിസ്താനെ പുകഴ്ത്തുന്നവർക്ക് ഇന്ത്യയിൽ സ്ഥാനമില്ല’
പാൽഘർ: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലേറിയാൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാൽഘർ ജില്ലയിലെ നലസോപാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാകട്ടെ, അടുത്ത ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാകും. തെരഞ്ഞെടുപ്പ് പോരാട്ടം രാമഭക്തരും രാമദ്രോഹികളും തമ്മിലാണ്. അതിനാൽ തന്നെ കോൺഗ്രസിനെയും ഇൻഡ്യാ മുന്നണിയെയും തള്ളിക്കളയാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നു. പക്ഷെ, അത് സംഭവിച്ചില്ല. ഇതാണ് കോൺഗ്രസിനെയും ഇൻഡ്യാ മുന്നണിയെയും തള്ളിക്കളയാനുള്ള സമയം.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഇന്ത്യയിലെ 140 കോടി ജനങ്ങളുടെയും വികാരത്തിന്റെ പ്രതീകമാണ്. അയോധ്യയിലെ തന്റെ ക്ഷേത്രം തകർക്കാൻ പ്രതിപക്ഷ സംഘം അധികാരത്തിൽ വരില്ലെന്ന് ശ്രീരാമൻ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ അനുകൂലികളോട് ആ രാജ്യത്ത് പോയി യാചിക്കാൻ താൻ ആവശ്യപ്പെടുന്നു. ആ രാജ്യത്തെ പുകഴ്ത്തുന്നവർക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Adjust Story Font
16