'ഇതിലും വലിയ സമ്മാനങ്ങള്‍ സ്വപ്നങ്ങളില്‍ മാത്രം'; ദുബൈയിൽ നിന്ന് വരുമ്പോൾ മകള്‍ അമ്മക്ക് കൊണ്ടുവന്നത് 10 കിലോ തക്കാളി.. !
ഇത്രയും അധികം തക്കാളി നിങ്ങള്‍ എന്തുചെയ്യുമെന്നായിരുന്നു ഒരാളുടെ ചോദ്യം
ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ വിലപ്പെട്ട സമ്മാനങ്ങളാണ് വീട്ടുകാർക്ക് വേണ്ടി പലരും കരുതാറ്.ദുബൈയിൽ താമസിക്കുന്ന ഒരു മകൾ നാട്ടിലേക്ക് വരുമ്പോൾ അമ്മക്ക് കൊണ്ടുവന്ന വിലപ്പെട്ട സമ്മാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സ്വർണമോ വിലകൂടിയ മൊബൈൽഫോണോ ആണെന്ന് കരുതിയാൽ തെറ്റി. 10 കിലോ തക്കാളിയാണ് അമ്മക്കായി മകൾ ദുബൈയിൽ നിന്ന് കൊണ്ടുവന്നത്. നാട്ടിലേക്ക് വരുമ്പോൾ എന്താണ് കൊണ്ടുവരേണ്ടതെന്ന് മകൾ അമ്മയോട് ചോദിച്ചു. എനിക്ക് കുറച്ച് തക്കാളി കൊണ്ടുവന്നാൽ മതിയെന്നായിരുന്നു അമ്മയുടെ മറുപടി. രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇതിലും വിലപ്പെട്ട സമ്മാനം ആ അമ്മക്ക് ചോദിക്കാനില്ലായിരുന്നു.
രേവാസ് എന്ന ട്വിറ്റർ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്. 'വേനൽക്കാല അവധിക്കായി എന്റെ സഹോദരി ഇന്ത്യയിലേക്ക് പോകുകയാണ്. നാട്ടിലേക്ക് പോകുന്നതിന് മുമ്പ് എന്താണ് വേണ്ടതെന്ന് അവൾ അമ്മയോട് ചോദിച്ചു. 10 കിലോ തക്കാളി കൊണ്ടുവന്നാൽ മതിയെന്നാണ് അമ്മ പറഞ്ഞത്. അമ്മയുടെ നിർദേശ പ്രകാരം അവൾ 10 കിലോ തക്കാളി സ്യൂട്ട് കേസിലാക്കി അയച്ചിരിക്കുകയാണ്...' ഇതാണ് ട്വീറ്റ്.
നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. വിലക്കയറ്റിന്റെ സമയത്ത് ഇതിലും നല്ല സമ്മാനം കൊടുക്കാനില്ലെന്നായിരുന്നു ഒരാളുടെ കമന്റ്..ഇത്രയും വിലപ്പെട്ട സമ്മാനം കൊണ്ടുവന്നതിന് നിങ്ങളുടെ സഹോദരിയെ എയർപോർട്ട് കസ്റ്റംസ് പിടിക്കാതിരിക്കട്ടെയെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
ഇത് സത്യമാണോ എന്നാണ് ചിലരുടെ ചോദ്യം..സത്യമാണെന്നും വലിയ പേപ്പര്‍ ഡബ്ബകളിലാക്കിയാണ് സഹോദരി തക്കാളി കൊണ്ടുപോയതെന്നും ട്വിറ്റര്‍ ഉപയോക്താവ് മറുപടി നല്‍കിയിട്ടുണ്ട്. ഇത്രയും അധികം തക്കാളി വേഗത്തില്‍ ചീത്തയാകില്ലേ,അതുകൊണ്ട് നിങ്ങള്‍ എന്തുചെയ്യുമെന്നായിരുന്നു ഒരാളുടെ ചോദ്യം..ഞങ്ങള്‍ തക്കാളി ചട്ണിണിയും അച്ചാറുമെല്ലാം ഉണ്ടാക്കുമെന്നും കുറച്ച് ഞാന്‍ കൊണ്ടുവരുമെന്നും മറുപടിയും നല്‍കിയിട്ടുണ്ട്.
രാജ്യത്ത് പലയിടത്തും കിലോക്ക് 300 രൂപവരെ ഉയർന്നിട്ടുണ്ട്. വില ഉയർന്നതോടെ സാധാരണക്കാരന്റെ കീശ കീറിയെങ്കിലും ലാഭമുണ്ടാക്കിയത് തക്കാളി കർഷകരാണ്.
Adjust Story Font
16