വീട് വൃത്തിയാക്കാൻ ഇത്രയും സാഹസികതയോ? ഞെട്ടി സോഷ്യൽ മീഡിയ
ദീപാവലിക്ക് ഇവരുടെ വീട്ടിൽ ലക്ഷ്മി ദേവി വന്നില്ലെങ്കിൽ ആരുടെയും വീട്ടിൽ വരില്ലെന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്
തിന്മയ്ക്ക് മേൽ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് ദീപാവലി. വീട് വൃത്തിയാക്കലും അലങ്കരിക്കലുമൊക്കെയായി ദീപാവലിക്ക് വിശ്വാസികൾ തയ്യാറെടുക്കുന്ന സമയമാണിത്. അപ്പോഴാണ് ഇത് കുറച്ച് കൂടിപ്പോയില്ലേ എന്ന് തോന്നും വിധം ഒരു വീഡിയോ ട്വീറ്ററിൽ പ്രചരിക്കുന്നത്.
തന്റെ അപാർട്ട്‌മെന്റിന്റെ ജനൽ ഒരു സ്ത്രീ തുടയ്ക്കുന്നതാണ് വീഡിയോ. സ്വന്തം വീടിന്റെ ജനൽ തുടയ്ക്കുന്നതിനെന്താണ് കുഴപ്പം എന്നാവും വിചാരിക്കുന്നത് അല്ലേ? എന്നാൽ ഇത് വാർത്തായതിന് കാരണം അപാർട്ട്‌മെന്റ് നാലാം നിലയിലാണ് എന്നതാണ്. ജനലിന് പുറത്തിറങ്ങിയാണ് ഇവർ അത് തുടയ്ക്കുന്നതും. ജനലിന്റെ തീരെ വീതിയില്ലാത്ത പാനലിൽ നിന്ന് അപകടകരമാം വിധം വൃത്തിയാക്കുന്ന സ്ത്രീയെ കണ്ട് സ്തബ്ധരായിരിക്കുകയാണ് സോഷ്യൽ മീഡിയ.
ദീപാവലിക്ക് ഇവരുടെ വീട്ടിൽ ലക്ഷ്മി ദേവി വന്നില്ലെങ്കിൽ ആരുടെയും വീട്ടിൽ വരില്ലെന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഇത് ക്രൂരതയാണെന്നും ആരും ഇത് അനുകരിക്കരുതെന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
Adjust Story Font
16