മൂന്നാമതും പെൺകുഞ്ഞ്; അനധികൃത ഗർഭഛിദ്രത്തിനിടെ യുവതി മരിച്ചു; മാതാപിതാക്കളടക്കം അറസ്റ്റിൽ
യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ഗർഭഛിദ്ര ശസ്ത്രക്രിയ നടന്നത്.
ബെംഗളൂരു: അനധികൃത ഗർഭഛിദ്ര ശസ്ത്രക്രിയക്ക് ഇരയായി ഗർഭിണി മരിച്ച സംഭവത്തിൽ മാതാപിതാക്കളടക്കം ഒമ്പതു പേർ അറസ്റ്റിൽ. കർണാടക ബാഗൽകോട്ട് ജില്ലയിലെ മഹാലിംഗ്പൂർ ടൗണിലാണ് സംഭവം. യുവതിയെ മാതാപിതാക്കൾ പെൺ ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യുവതിയുടെ പിതാവ് സഞ്ജയ് ഗൗളി, മാതാവ് സംഗീത ഗൗളി എന്നിവരും മറ്റ് ഏഴു പേരുമാണ് അറസ്റ്റിലായത്.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന 33കാരിയായ മകൾ സൊനാലിയാണ് മരിച്ചത്. കർണാക പൊലീസാണ് പിതാവിനെയും മാതാവിനേയും അറസ്റ്റ് ചെയ്തത്. സൊനാലിക്ക് രണ്ട് പെൺമക്കളാണ്.
വീണ്ടും ഗർഭിണിയായതോടെ നടത്തിയ അനധികൃത പരിശോധനയിൽ മൂന്നാമത്തേതും പെൺഭ്രൂണമാണെന്ന് മനസിലായതോടെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാവുകയായിരുന്നു.
ആദ്യ രണ്ട് മക്കളും പെൺകുട്ടികൾ ആയതിനാൽ മാതാപിതാക്കളാണ് സൊനാലിയെ ഭ്രൂണഹത്യക്ക് പ്രേരിപ്പിച്ചത്. പെൺഭ്രൂണഹത്യ നടത്താൻ മകളെ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മഹാലിംഗപൂരിലെ യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ഗർഭഛിദ്ര ശസ്ത്രക്രിയ നടന്നത്. എന്നാൽ മെയ് 27ന് യുവതി അമിതരക്തസ്രാവം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം മരിക്കുകയായിരുന്നു.
സംഭവത്തിൽ മുഖ്യപ്രതിയായ നഴ്സ് കവിത ബഡ്ഡനാവർ അടക്കം ഏഴ് പേരെ മഹാരാഷ്ട്ര പൊലീസും സാംഗ്ലിയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കവിതയാണ് യുവതിയെ ഗർഭഛിദ്രത്തിന് ഇരയാക്കിയത്.
ഭ്രൂണത്തിൻ്റെ ലിംഗം സ്ഥിരീകരിക്കാൻ സൊനാലി മഹാരാഷ്ട്രയിൽ സ്കാനിങ് നടത്തിയെന്നും ഗർഭച്ഛിദ്രം നടത്താൻ പ്രതിയായ നഴ്‌സിന് 40,000 രൂപ നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
Adjust Story Font
16