ശമ്പളം ചോദിച്ചതിന് ദലിത് യുവാവിന് ക്രൂരമര്‍ദനം; വാ കൊണ്ട് ഷൂ എടുക്കാന്‍ നിര്‍ബന്ധിച്ചു: കമ്പനി ഉടമയായ യുവതിക്കെതിരെ കേസ്
നിലേഷ് ദൽസാനിയ എന്ന യുവാവിനാണ് മര്‍ദനമേറ്റത്
വിഭൂതി പട്ടേല്‍
മോര്‍ബി: ശമ്പളം ചോദിച്ചതിന് ദലിത് യുവാവിന് ക്രൂരമര്‍ദ്ദനം. കമ്പനി ഉടമയായ യുവതിയും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് 21കാരനെ ബെല്‍റ്റ് കൊണ്ടടിക്കുകയും കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിക്കെതിരെ ഗുജറാത്ത് മോര്‍ബി പൊലീസ് കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ചയാണ് സംഭവം. നിലേഷ് ദൽസാനിയ എന്ന യുവാവിനാണ് മര്‍ദനമേറ്റത്. നിലേഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ മോർബി സിറ്റിയിലെ 'എ' ഡിവിഷൻ പൊലീസ് വ്യാഴാഴ്ച വിഭൂതി പട്ടേൽ എന്ന റാണിബ എന്ന യുവതി, സഹോദരൻ ഓം പട്ടേല്‍, മാനേജര്‍ പരീക്ഷിത് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് പ്രതിപാൽസിൻഹ് സാല അറിയിച്ചു. റാവപർ ക്രോസ്‌റോഡില്‍ പ്രവര്‍ത്തിക്കുന്ന റാണിബ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് വിഭൂതി പട്ടേൽ. കഴിഞ്ഞ ഒക്ടോബറിലാണ് ടൈല്‍സ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് നിലേഷിനെ ജോലിക്കെടുക്കുന്നത്. 12,000 രൂപയായിരുന്നു ശമ്പളം. എന്നാല്‍ ഒക്ടോബര്‍ 18 കാരണം കൂടാതെ നിലേഷിനെ പിരിച്ചുവിട്ടു. ജോലി ചെയ്ത 16 ദിവസത്തെ ശമ്പളം നിലേഷ് ആവശ്യപ്പെട്ടപ്പോള്‍ വിഭൂതി കൃത്യമായ മറുപടി നല്‍കിയില്ലെന്നും തന്‍റെ ഫോണ്‍കോളുകളോട് പ്രതികരിച്ചില്ലെന്നും നിലേഷിന്‍റെ പരാതിയില്‍ പറയുന്നു.
ബുധനാഴ്ച വൈകിട്ട് നിലേഷും സഹോദരന്‍ മെഹുലും അയല്‍വാസിയായ ഭവേഷും ചേര്‍ന്ന് വിഭൂതിയുടെ വീട്ടിലെത്തിയപ്പോള്‍ സഹോദരന്‍ ഓം പട്ടേലും കൂട്ടാളികളും ചേര്‍ന്ന് ആക്രമിക്കുകയാണുണ്ടായത്. ഓഫീസിന്‍റെ ടെറസിലേക്ക് കൊണ്ടുപോയി നിലേഷിനെ വിഭൂതി മര്‍ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തതായി എഫ്.ഐ.ആറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഓം പട്ടേലും മറ്റുള്ളവരും ചേര്‍ന്ന് ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. റാവപ്പർ ക്രോസ്‌റോഡ് പ്രദേശത്ത് വീണ്ടും കണ്ടാൽ കൊന്നുകളയുമെന്നും യുവതി ഭീഷണിപ്പെടുത്തി.വിഭൂതിയുടെ ഓഫീസില്‍ നിന്നും പണം തട്ടാനാണ് നിലേഷ് എത്തിയതെന്ന മട്ടില്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
ശമ്പളം ചോദിച്ചതിന് തൊഴിലുടമയോട് മാപ്പ് പറയാൻ ദലിത് യുവാവിനെ പ്രതികൾ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം നിലേഷിനെ മോർബി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് ഇപ്പോള്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ആക്രമണം,ഭീഷണിപ്പെടുത്തല്‍ എസ്‌സി / എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തു.കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16