ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിക്കുഞ്ഞ്,ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് യുവതി; പ്രതികരണവുമായി കമ്പനി
കോൺ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യവിരലിന്റെ കഷ്ണം കിട്ടിയതിന് പിന്നാലെയാണ് പുതിയ സംഭവം
ന്യൂഡൽഹി: മുംബൈയിലെ ഡോക്ടർ കോൺ ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കെ മനുഷ്യവിരലിന്റെ കഷ്ണം കിട്ടിയത് കഴിഞ്ഞദിവസമായിരുന്നു. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്. ലോക പ്രശസ്ത ചോക്ലേറ്റ് കമ്പനിയായ ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിന്റെ കുപ്പിയിൽ ചത്ത എലിക്കുട്ടിയെ കണ്ടെത്തി. പ്രമി ശ്രീധർ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ചത്. സെപ്‌റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിലായിരുന്നു എലിയെ കണ്ടെത്തിയതെന്ന് യുവതി അവകാശപ്പെട്ടു. തന്റെ കുടുംബത്തിലെ മൂന്നുപേർ സിറപ്പ് കഴിച്ചെന്നും ഒരാൾ വൈദ്യസഹായം തേടിയെന്നും യുവതി പറയുന്നു.
എല്ലാവരും കണ്ണ് തുറന്ന് കാണണം എന്ന അഭ്യർഥനയോടെയാണ് യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.
'ഞങ്ങൾ ബ്രൗണി കേക്കുകൾക്കൊപ്പം കഴിക്കാൻ സെപ്റ്റോയിൽ നിന്ന് ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പ് ഓർഡർ ചെയ്തു.ബ്രൗണിക്ക് മുകളിലൂടെ സിറപ്പ് ഒഴിക്കുകയും ചെയ്തു.എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ചെറിയ രോമങ്ങൾ അതിൽ കാണപ്പെട്ടു.പിന്നീട് സീൽ ചെയ്ത കുപ്പി തുറക്കുകയും സിറപ്പ് ഒരു ഗ്ലാസിലേക്ക് ഒഴിക്കുകയും ചെയ്തു. എലിയെ പോലെ എന്തോ ഒന്ന് അതിലേക്ക് വീണത്.വെള്ളത്തിൽ കഴുകി നോക്കിയപ്പോഴാണ് അത് ചത്ത എലിയാണെന്ന് മനസിലായത്...' പ്രമി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
'സിറപ്പ് കഴിച്ച കുടുംബത്തിലെ ഒരു പെൺകുട്ടി ഇന്നലെ തളർന്നുവീണു.തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. ഇത് സംബന്ധിച്ച് പരാതി രജിസ്റ്റർ ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. ''നിങ്ങൾ എന്താണ് കഴിക്കുന്നതെന്നും ഓർഡർ ചെയ്യുന്നതിനെക്കുറിച്ചും ദയവായി അറിഞ്ഞിരിക്കുക. കുട്ടികൾക്ക് ഇത്തരം ഭക്ഷണ പദാർഥങ്ങള് നൽകുമ്പോൾ ദയവായി പരിശോധിക്കുക. ഇത് അങ്ങേയറ്റം ആശങ്കാജനകവും അസ്വീകാര്യവുമാണ്'. ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണെന്നും സമഗ്രമായ അന്വേഷണം വേണമെന്ന് യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലായി. തുടർന്ന് പ്രതികരണവുമായി ഹെർഷെ കമ്പനി രംഗത്തെത്തി. സംഭവത്തിൽ ക്ഷമചോദിക്കുന്നുവെന്നും സിറപ്പ് ബോട്ടിലിന്റെ മാനുഫാക്ടചറിങ് കോഡ് കമ്പനിയുടെ ഇ.മെയിലിലേക്ക് അയക്കണമെന്നും വേണ്ട സഹായം നിങ്ങൾക്ക് ലഭ്യമാകുമെന്നും ഹെർഷെ പ്രതികരിച്ചു.
അതേസമയം, വീഡിയോക്ക് താഴെ ആശങ്കപങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വീഡിയോ ഒരേസമയം വെറുപ്പും ആശങ്കയും ഉണ്ടാക്കുന്നുവെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. സീൽ ചെയ്ത പാക്കിൽ നിന്നാണ് ചത്ത എലിയെ കണ്ടെത്തിയത്. അതുകൊണ്ട് ഡെലിവറി ചെയ്ത ഓൺലൈൻ ആപ്പ് കുറ്റക്കാരല്ലെന്നും നിർമാണ ബ്രാൻഡിൽ തന്നെയാണ് പ്രശ്‌നമെന്നും ചിലർ കമന്റ് ചെയ്തു. ഹെർഷെക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകാനും നിരവധി പേർ ആവശ്യപ്പെട്ടു.
Adjust Story Font
16