'വിവാഹേതര ബന്ധത്തിന് തടസ്സം': അമ്മ കുഞ്ഞുങ്ങള്‍ക്ക് വിഷം നല്‍കി, ഒന്നര വയസ്സുകാരന്‍ മരിച്ചു
കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ചെന്നാണ് യുവതി ആദ്യം പറഞ്ഞത്
നാഗര്‍കോവില്‍: ഒന്നര വയസ്സുള്ള കുഞ്ഞിനെ വിഷംകൊടുത്തു കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. മൂന്നു വയസ്സുള്ള മകള്‍ക്കും യുവതി വിഷം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്താണ് സംഭവം.
കുളക്കച്ചി സ്വദേശി ജഗദീഷിന്റെ ഭാര്യ കാര്‍ത്തികയാണ് മകന്‍ ശരണിനെയും മകള്‍ സഞ്ജനയെയും പായസത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചത്. കുട്ടികള്‍ അറിയാതെ എലിവിഷം കഴിച്ചു എന്നാണ് കാര്‍ത്തിക ആദ്യം പറഞ്ഞത്. പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
കുട്ടികളുടെ അച്ഛന്‍ ജഗദീഷ് ജോലി ചെയ്യാന്‍ പുറത്തുപോയപ്പോഴാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന മകന്‍ പെട്ടെന്ന് അബോധാവസ്ഥയിലായെന്ന് കാര്‍ത്തിക ജഗദീഷിനെ വിളിച്ചുപറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടികള്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ചെന്നാണ് കാര്‍ത്തിക പറഞ്ഞത്. പൊലീസ് സംശയം തോന്നി കാര്‍ത്തികയെയും ജഗദീഷിനെയും ചോദ്യംചെയ്തു. കാര്‍ത്തികയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചില കോളുകളും സന്ദേശങ്ങളും ഡിലീറ്റ് ചെയ്തെന്ന് കണ്ടെത്തി. കുട്ടികള്‍ വിഷം കഴിച്ചെന്ന് പറയുന്ന സമയത്തിന് തൊട്ടുമുന്‍പ് പച്ചക്കറി കച്ചവടക്കാരനായ സുനിലുമായി കാര്‍ത്തിക ഏറെനേരം സംസാരിച്ചിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ താന്‍ മക്കള്‍ക്ക് പായസത്തില്‍ വിഷം കലര്‍ത്തി നല്‍കിയതാണെന്ന് കാര്‍ത്തിക പറഞ്ഞു.
സുനിലുമായുള്ള ബന്ധത്തിന് കുട്ടികള്‍ തടസ്സമായതുകൊണ്ട് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് മൊഴി. ബന്ധം തുടങ്ങിയ ശേഷമാണ് കാര്‍ത്തിക വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും താന്‍ അറിഞ്ഞതെന്ന് സുനില്‍ മൊഴി നല്‍കി. ഇതോടെ ബന്ധം തുടരാന്‍ താന്‍ വിസമ്മതിച്ചെന്നും സുനില്‍ പൊലീസിനോട് പറഞ്ഞു.
Summary- The Marthandam police in Kanyakumari district of Tamil Nadu arrested a young woman on Thursday for murdering her one and a half year old son by lacing his food with poison and attempting to murder her daughter in a similar manner
Adjust Story Font
16