മണിപ്പൂരില്‍ സ്കൂളിനു മുന്‍പില്‍ വെടിവെപ്പ്: സ്ത്രീ കൊല്ലപ്പെട്ടു
അജ്ഞാത സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു
ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരിൽ യുവതി വെടിയേറ്റ് മരിച്ചു. വെസ്റ്റ് ഇംഫാലിലെ ശിശു നികേതൻ സ്കൂളിന് മുൻപിൽ വെച്ചാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. അജ്ഞാത സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഇംഫാലിൽ രണ്ട് ദിവസം മുൻപാണ് സ്കൂളുകൾ തുറന്നത്. പിന്നാലെയുണ്ടായ ആക്രമണം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച രാത്രി സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ഇംഫാലിലെ വീടിന് അക്രമികൾ തീയിട്ടതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തൗബാൽ ജില്ലയിൽ സൈനിക ആയുധ ശേഖരം കൊള്ളയടിക്കാൻ അക്രമികൾ ശ്രമിച്ചപ്പോൾ പ്രതിരോധിച്ച ഐആർബി ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
മണിപ്പൂർ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത് ജൂലൈ 10 വരെ നീട്ടി. രണ്ട് മാസം മുന്‍പ് തുടങ്ങിയ സംഘര്‍ഷത്തില്‍ 130ലധികം പേര്‍ കൊല്ലപ്പെട്ടു. ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നിരവധി വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തകര്‍ക്കപ്പെട്ടു. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
അതിനിടെ മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് കോൺഗ്രസ്, തൃണമൂൽ എംപിമാർ ആഭ്യന്തര പാർലമെന്‍റ് സ്റ്റാന്‍റിങ് കമ്മറ്റി യോഗം ബഹിഷ്കരിച്ചു. ദിഗ്‍വിജയ് സിങ് സിംഗ്, ഡെറിക് ഒബ്രയാന്‍, പ്രദീപ് ഭട്ടാചാര്യ എന്നിവരാണ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.
Adjust Story Font
16