രണ്ടാഴ്ചയോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖവാസം; അഞ്ചു ലക്ഷത്തിന്‍റെ ബില്ലടക്കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍
ഡൽഹിയിലെ എയ്‌റോസിറ്റി ഏരിയയിലെ പുൾമാൻ ഹോട്ടലിലെ എല്ലാ സൗകര്യങ്ങളും യുവതി ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
ഡല്‍ഹി: രണ്ടാഴ്ചയോളം ആഡംബര ഹോട്ടലില്‍ സുഖജീവിതം നയിച്ച ശേഷം വന്‍തുക ബില്ലടക്കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.ഡല്‍ഹി വിമാനത്താവളത്തിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ശേഷം അഞ്ചു ലക്ഷം രൂപ ബില്ലടക്കാതെ മുങ്ങാന്‍ ശ്രമിച്ച ആന്ധ്രാപ്രദേശ് സ്വദേശിയായ ഝാന്‍സി റാണി സാമുലവാണ് വ്യാഴാഴ്ച അറസ്റ്റിലായത്.
ഡൽഹിയിലെ എയ്‌റോസിറ്റി ഏരിയയിലെ പുൾമാൻ ഹോട്ടലിലെ എല്ലാ സൗകര്യങ്ങളും യുവതി ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. വ്യാജ ഐഡന്‍റിറ്റി ഉപയോഗിച്ച് സ്പാ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ യുവതി ഉപയോഗപ്പെടുത്തി. സ്പാക്ക് തന്നെ രണ്ടു ലക്ഷത്തിലധികം രൂപ വേണ്ടിവന്നു. ഡിസംബര്‍ 30നാണ് യുവതി ഹോട്ടലിലെത്തിയത്.തുടര്‍ന്ന് 15 ദിവസത്തോളം യുവതി ഹോട്ടലില്‍ താമസിച്ചു. റാണിയെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഐജിഐ) ഉഷാ രംഗ്‌നാനി പറഞ്ഞു.താനും ഭര്‍ത്താവും ഡോക്ടറാണെന്നും ന്യൂയോര്‍ക്കിലാണ് താമസിക്കുന്നതെന്നുമാണ് റാണി ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്.
5,88,176 രൂപയാണ് യുവതി ഹോട്ടലില്‍ അടക്കേണ്ടിയിരുന്നത്. തന്‍റെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തതായി റാണി അവകാശപ്പെട്ടിരുന്നുവെങ്കിലും തട്ടിപ്പ് പേയ്‌മെന്റ് രീതിയാണ് ഉപയോഗിച്ചത്. ഐസിഐസിഐ ബാങ്ക് യുപിഐ ആപ്പ് ഉപയോഗിച്ചാണ് പണം അടച്ചത്. എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. സ്പാ സൗകര്യം ഉപയോഗിച്ചത് പരിശോധിച്ചപ്പോൾ ഇഷ ദവെ എന്ന വ്യാജ ഐഡന്റിറ്റി കാണിച്ച് 2,11,708 രൂപയുടെ സേവനങ്ങൾ നേടിയതായി കണ്ടെത്തിയതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ഹോട്ടലില്‍ നിന്നും ബാഗുമായി യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഹോട്ടലിലെ വനിതാ ജീവനക്കാരെ റാണി കയ്യേറ്റം ചെയ്തതായും പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പൊലീസിനോട് പറഞ്ഞത്. ബാങ്ക് സ്റ്റേറ്റ്മെന്‍റ് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലുള്ള യുവതിയുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു.
Adjust Story Font
16