ഹൈദരാബാദിൽ പള്ളിക്കുനേരെ 'അമ്പെയ്ത്' വിവാദം സൃഷ്ടിച്ച ബി.ജെ.പി സ്ഥാനാർഥിയെ തള്ളിമാറ്റി വോട്ടർ, സംസാരിക്കാന്‍ കൂട്ടാക്കിയില്ല-വിഡിയോ
ഹൈദരാബാദിൽ രാമനവമി ഘോഷയാത്രയ്ക്കിടെ മസ്ജിദിനുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദത്തിലായിരിക്കുകയാണ് ചലച്ചിത്ര താരം കൂടിയായ മാധവി ലത
ഹൈദരാബാദ്: മുസ്‌ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദം സൃഷ്ടിച്ച ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാർഥി വീണ്ടും വെട്ടിൽ. വോട്ട് ചോദിച്ച് വീട്ടിലെത്തിയ ചലച്ചിത്ര താരം കൂടിയായ മാധവി ലതയെ ഒരു വോട്ടർ തള്ളിമാറ്റുന്ന ദൃശ്യങ്ങളാണു പുതുതായി പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദ് സീറ്റിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകൾ കയറിയിറങ്ങിയുള്ള വോട്ടഭ്യർഥനയ്ക്കിടെയായിരുന്നു മണ്ഡലത്തിലെ വോട്ടർ കൂടിയായ പ്രായമായ സ്ത്രീ ബി.ജെ.പി സ്ഥാനാർഥിയെ തള്ളിമാറ്റിയ സംഭവം. സ്ഥാനാർഥിയെ ആദ്യം വീട്ടമ്മ സ്വീകരിച്ചെങ്കിലും പിന്നീട് മട്ടുമാറുകയായിരുന്നു. മാധവി കൈമാറിയ കാംപയിൻ ലഘുലേഖ ഇവർ സ്വീകരിക്കുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്തു. ഇതിനുശേഷം മുഖത്ത് അതൃപ്തി പ്രകടമാക്കി ഇവർ മുന്നോട്ടുനീങ്ങി.
എന്നാൽ, ഈ സമയത്ത് മാധവി കൂടുതൽ സംസാരത്തിനു മുതിർന്നതോടെ വീട്ടമ്മ എതിർത്തു. വീണ്ടും ഇവരെ തടഞ്ഞുനിർത്താൻ ശ്രമിച്ചു ബി.ജെ.പി നേതാവ്. ഇത്തവണ സ്ഥാനാർഥിയെയും തള്ളിമാറ്റി മുന്നോട്ടുപോകുകയായിരുന്നു അവർ. ഇതോടെ വിഡിയോയും ഫോട്ടോയും പകർത്തുന്നവർക്കുനേരെ തിരിഞ്ഞു മാധവി. ഫോട്ടോ എടുക്കല്ലേ എന്നു പറഞ്ഞ് ചുറ്റുമുള്ളവരെ തടയുകയായിരുന്നു അവർ. കാമറ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമാങ്ങളിൽ വൈറലാണ്.
കഴിഞ്ഞ ദിവസം രാമനവമി ഘോഷയാത്രയ്ക്കിടെ മാധവി ലത നടത്തിയ അംഗവിക്ഷേപങ്ങൾ വലിയ വിവാദമായിരിക്കുകയാണ്. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലുള്ള മസ്ജിദിനു സമീപത്തെത്തിയപ്പോൾ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു അവർ. സിദ്ദിയാംബർ ജങ്ഷനിലെ പള്ളി രാമനവമി ഘോഷയാത്രയോടനുബന്ധിച്ചു പൂർണമായും മറച്ചിരുന്നു. അനിഷ്ടസംഭവങ്ങൾക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ടായിരുന്നു പള്ളി ഭാരവാഹികളുടെ നടപടി.
വിവാദമായതോടെ സംഭവം നിഷേധിച്ച് മാധവി രംഗത്തെത്തിയിരുന്നു. താൻ അത്തരമൊരു നടപടിയും ചെയ്തിട്ടില്ലെന്നും വിഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഇവരുടെ വിശദീകരണം.
Summary: Woman voter pushes BJP Hyderabad lok sabha candidate Madhavi Latha during campaigning after shooting arrow at mosque controversy
Adjust Story Font
16