Quantcast

ബെംഗളൂരു റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ യുവതിയുടെ അഴുകിയ മൃതദേഹം

മൂന്ന് മാസത്തിനിടെ ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്

MediaOne Logo

Web Desk

  • Updated:

    2023-03-14 04:16:03.0

Published:

14 March 2023 4:15 AM GMT

Bengalurus SMVT station
X

ബെംഗളൂരു എസ്എംവിടി റെയില്‍വെ സ്റ്റേഷന്‍

ബെംഗളൂരു: ബെംഗളൂരു എസ്.എം.വി.ടി റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മൂന്ന് മാസത്തിനിടെ ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ ഇത് മൂന്നാം തവണയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്.

തുടര്‍ച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇതൊരു സീരിയല്‍ കില്ലിംഗ് ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഒരു സീരിയല്‍ കില്ലര്‍ ഇതിനു പിന്നിലുണ്ടെന്നും സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ടെർമിനലിൽ ദുർഗന്ധം വമിച്ചെങ്കിലും അതിന്‍റെ ഉറവിടം അറിയാത്തത് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വൈകിട്ടാണ് ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലിനോട് ചേർന്നുള്ള ഡ്രമ്മിലേക്ക് ശ്രദ്ധ തിരിയുന്നത്. ഡ്രമ്മാണ് ദുർഗന്ധത്തിന്‍റെ ഉറവിടം എന്ന് തിരിച്ചറിഞ്ഞ ആർപിഎഫ് ഉദ്യോഗസ്ഥർ അത് സീൽ ചെയ്യുകയും രാത്രി 7.30 ഓടെ ബൈയപ്പനഹള്ളി റെയിൽവേ പൊലീസിനെ അറിയിക്കുകയും ചെയ്തു.

ബെംഗളൂരു പൊലീസ് സൂപ്രണ്ട് ഡോ സൗമ്യലത എസ് കെ ഉൾപ്പെടെയുള്ള റെയിൽവെ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ഡ്രം മുറിച്ച് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക്, വിരലടയാള വിദഗ്ധർ സാമ്പിളുകൾ ശേഖരിക്കാൻ സ്ഥലത്തുണ്ടെന്ന് ഡോ.സൗമ്യലത പറഞ്ഞു. ഒരു സ്നിഫർ ഡോഗ് സ്ക്വാഡിനെയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.

കഴിഞ്ഞ ജനുവരി 4ന് യശ്വന്ത്പൂര്‍ റെയില്‍വെ സ്റ്റേഷനിലും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 2022 ഡിസംബർ 6 ന് ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നമ്പർ 06527 (ബംഗാർപേട്ട്-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്) കമ്പാർട്ടുമെന്‍റിനുള്ളില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. മൂന്ന് സ്ത്രീകള്‍ക്കും 30 വയസായിരുന്നു പ്രായം. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എയർകണ്ടീഷൻ ചെയ്ത ബെംഗളൂരു എസ്.എം.വി.ടി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ വർഷമാണ് തുറന്നത്.

TAGS :

Next Story