Quantcast

വാക്സിനേഷന്‍ വൈകി; ആരോഗ്യ പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് സ്ത്രീകള്‍

ജസോദംഗയിലുള്ള ആശുപത്രിയിലെ രണ്ടാം ബ്ലോക്കില്‍ തിങ്കളാഴ്ചയായിരുന്നു വാക്സിനേഷന്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    29 Jun 2021 2:36 AM GMT

വാക്സിനേഷന്‍ വൈകി; ആരോഗ്യ പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് സ്ത്രീകള്‍
X

വാക്സിനേഷന്‍ ഡ്രൈവ് തുടങ്ങാന്‍ താമസിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ ഒരു കൂട്ടം സ്ത്രീകള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചു. പശ്ചിമബംഗാളിലെ അലിപൂർദുരിലാണ് സംഭവം നടന്നത്.

ജസോദംഗയിലുള്ള ആശുപത്രിയിലെ രണ്ടാം ബ്ലോക്കില്‍ തിങ്കളാഴ്ചയായിരുന്നു വാക്സിനേഷന്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ അമ്മമാർക്കായി സംഘടിപ്പിച്ച പ്രത്യേക വാക്സിനേഷൻ ഡ്രൈവില്‍ കുത്തിവെപ്പെടുക്കാനായി നിരവധി സ്ത്രീകളാണ് ഇവിടെ തടിച്ചുകൂടിയത്. കനത്ത മഴയെ അവഗണിച്ചുകൊണ്ട് രാവിലെ മുതല്‍ ഇവിടെ ആളുകളെത്തിയിരുന്നു. എന്നാല്‍ 11 മണിയായിട്ടും ആരോഗ്യപ്രവര്‍ത്തകരൊന്നും എത്തിയിട്ടില്ല. 11.45 ഓടെയാണ് വാക്സിനേഷന്‍ ആരംഭിച്ചത്. തുടര്‍ന്നും വാക്സിനേഷന്‍ മന്ദഗതിയിലായിരുന്നുവെന്നും ഓരോ ആള്‍ക്കും കുത്തിവെപ്പ് എടുക്കാന്‍ ഏകദേശം 20-25 മിനിറ്റ് എടുത്തുവെന്നും സ്ത്രീകള്‍ ആരോപിച്ചു.



ഈ സമയം നിരവധി പേര്‍ പുറത്ത് മഴയില്‍ തങ്ങളുടെ ഊഴം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ പ്രകോപിതരായ സ്ത്രീകള്‍ വാക്സിന്‍ കൌണ്ടറില്‍ ഇരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ കല്ലെറിയുകയായിരുന്നു. ഉച്ചത്തില്‍ ആക്രോശിക്കുകയും ആശുപത്രിയുടെ വാതിലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ജനക്കൂട്ടം നിയന്ത്രണം വിട്ടതോടെ ഡോക്ടര്‍മാരും നഴ്സുമാരും ആശുപത്രിയില്‍ നിന്നും ഓടിപ്പോയി. കല്ലേറില്‍ ജീവനക്കാരിലൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് വാക്സിനേഷന്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഷാമുക്താല പോലീസ് സ്റ്റേഷൻ ഒ സി ദീപങ്കർ സാഹ, ബ്ലോക്ക് നമ്പർ 2 ലെ ബിഡിഒ ചിരഞ്ജിത് സർക്കാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. പിന്നീട് വാക്സിനേഷന്‍ പുനരാരംഭിക്കുകയായിരുന്നു.

വാക്സിനേഷന്‍ നടക്കുന്ന സ്ഥലത്ത് വനിതാ പൊലീസിനെയോ മറ്റ് സിവില്‍ പൊലീസിനെയോ വിന്യസിക്കാത്തതാണ് സംഭവം കൂടുതല്‍ വഷളാക്കിയതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിച്ചു.

TAGS :

Next Story