Quantcast

വനിതാ എം.പിമാര്‍ ആക്രമിക്കപ്പെട്ടു, ജനാധിപത്യത്തെ കൊല ചെയ്തു; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഇതാദ്യമായിട്ടാണ് പാര്‍ലമെന്‍റില്‍ എം.പിമാര്‍ ആക്രമിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    12 Aug 2021 7:10 AM GMT

വനിതാ എം.പിമാര്‍ ആക്രമിക്കപ്പെട്ടു, ജനാധിപത്യത്തെ കൊല ചെയ്തു; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
X

കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കനക്കുകയാണ്. പെഗാസസ് വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 15 പാര്‍ട്ടികളുടെ നേതാക്കള്‍ പാര്‍ലമെന്‍റില്‍ നിന്നും വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി.

''പെഗാസസ്, പണപ്പെരുപ്പം, കർഷകരുടെ പ്രശ്നം എന്നിവ ഞങ്ങൾ ഉന്നയിച്ചു, പക്ഷെ ഇവ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല. പാർലമെന്‍റില്‍ സംസാരിക്കാൻ അനുവാദമില്ലാത്തതിനാൽ ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഞങ്ങൾക്ക് ഇവിടെ വരേണ്ടി വന്നു. ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്'' രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതാദ്യമായിട്ടാണ് പാര്‍ലമെന്‍റില്‍ എം.പിമാര്‍ ആക്രമിക്കപ്പെടുന്നത്. പുറത്തു നിന്നും എത്തിയവര്‍ എം.പിമാരെ തലച്ചതച്ചു. അപ്പോഴും അവർ ചെയർമാന്‍റെ കണ്ണീരിനെക്കുറിച്ച് സംസാരിക്കുന്നു. സഭയുടെ നടത്തിപ്പാണ് ചെയര്‍മാന്‍റെ ജോലി. 60 ശതമാനം വിഷയങ്ങളും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തിന്‍റെ ശബ്ദം തകർക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പുറത്തു നിന്നുള്ള ആളുകളെ കൊണ്ടുവന്ന് ഇന്നലെ വനിതാ എം.പിമാരെ ആക്രമിച്ചുവെന്നും ജനാധിപത്യത്തെ ഓരോ ദിവസവും കൊന്നുകൊണ്ടിരിക്കുകയാണെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. പാർലമെന്‍റിലല്ല, പാകിസ്താന്‍ അതിർത്തിയിലാണ് താൻ നിൽക്കുന്നതെന്ന് തോന്നുന്നുവെന്ന് റാവത്ത് കൂട്ടിച്ചേർത്തു. സമാജ്‍വാദി പാര്‍ട്ടി നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. തന്‍റെ 55 വര്‍ഷത്തെ പാര്‍ലമെന്‍റ് ജീവിതത്തിനിടെ ആദ്യമായിട്ടാണ് വനിത എം.പിമാര്‍ രാജ്യസഭയില്‍ ആക്രമിക്കപ്പെടുന്നതെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍ പറഞ്ഞു.

ബുധനാഴ്ച മാര്‍ഷല്‍മാരെ ഇറക്കിയാണ് ജനറല്‍ ഇന്‍ഷുറന്‍സ് സ്വകാര്യവത്കരണ ബില്‍ രാജ്യസഭയില്‍ കേന്ദ്രം പാസാക്കായിതെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. മാര്‍ഷല്‍മാരുടെ ബലപ്രയോഗത്തില്‍ വനിത എം.പിമാര്‍ക്ക് പരിക്കേറ്റതായും പരാതിയുണ്ട്.

TAGS :

Next Story