'ഇഡിയുടെ നോട്ടീസിലൊന്നും ഭയപ്പെടില്ല, ബിജെപിയെ തുടച്ച് നീക്കുംവരെ പോരാടും': അഭിഷേക് ബാനർജി
കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിക്ക് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇഡി) നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അഭിഷേകിന്റെ പ്രതികരണം.
കേന്ദ്ര ഏജന്‍സികളുടെ നോട്ടീസില്‍ ഭയപ്പെടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും എം.പിയുമായ അഭിഷേക് ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിക്ക് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇഡി) നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അഭിഷേകിന്റെ പ്രതികരണം. അന്വേഷണ ഏജന്‍സികളെ ഭയപ്പെടുന്നില്ല. ബി.ജെ.പിയെ രാജ്യത്ത് നിന്നും പുറത്താക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജനാധിപത്യത്തെ കൊല്ലുകയാണ്. ഇഡി, സി.ബി.ഐ എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട, പോരാട്ടം വര്‍ധിക്കുകയെയുള്ളൂ. ബിജെപിയെ രാജ്യത്തുനിന്നും തുടച്ചുനീക്കുന്നത് വരെ തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അഭിഷേക് ബാനര്‍ജി വ്യക്തമാക്കി.
സര്‍ക്കാരിന്റെ കല്‍ക്കരി പാടങ്ങളില്‍ നിന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അഭിഷേക് ബാനര്‍ജിക്ക് ഇഡി നോട്ടീസ് നല്‍കിയത്. സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ട കേസിലെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. അഭിഷേക് ബാനര്‍ജിക്ക് പുറമെ ഭാര്യ രുജിര ബാനര്‍ജിയെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിട്ടുണ്ട്.
കല്‍ക്കരി കള്ളക്കടത്ത് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ഇഡി വിളിപ്പിച്ചിരിക്കുന്നത്. അഭിഷേക് ബാനര്‍ജി സെപ്റ്റംബര്‍ ആറിനും ഭാര്യ സെപ്റ്റംബര്‍ ഒന്നിനും ഡല്‍ഹിയില്‍ ഹാജരാകണം. ബാനര്‍ജിയുടെ അഭിഭാഷകനായ സഞ്ജയ് ബസുവിനോട് സെപ്റ്റംബര്‍ മൂന്നിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ അഭിഷേക് ബാനര്‍ജി മാനനഷ്ടക്കേസ് കൊടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് കുടുംബത്തോടു കാണിക്കുന്നതെന്നാണ് തൃണമൂല്‍ കുറ്റപ്പെടുത്തുന്നത്.
Adjust Story Font
16