Quantcast

''ഒരു സാധാരണ മരണമാകില്ലെന്ന് പറഞ്ഞിരുന്നു, അദ്ദേഹം ഹീറോയാണ്'; ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്‍റെ ഓര്‍മകളില്‍ ഭാര്യ സ്മൃതി

2023 ജൂലൈ 19 പുലര്‍ച്ചെ മൂന്നരയോടെ സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടിത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്

MediaOne Logo

Web Desk

  • Published:

    8 July 2024 3:35 AM GMT

Captain Anshuman Singhs Widow
X

ഡല്‍ഹി: എട്ടുവര്‍ഷം നീണ്ട പ്രണയം...ഈ പ്രണയകാലത്ത് പരസ്പരം തമ്മില്‍ കാണുക തന്നെ അപൂര്‍വം. ഒടുവില്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും സ്ഥലംമാറ്റം.തുടര്‍ന്ന് അഞ്ചു മാസം കഴിഞ്ഞപ്പോള്‍ പ്രിയതമയെ തേടിയെത്തുന്നത് ഭര്‍ത്താവിന്‍റെ മരണവാര്‍‌ത്ത...സിയാച്ചിനില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്‍റെയും ഭാര്യ സ്മൃതിയുടെയും ഒരുമിച്ചുള്ള ജീവിതത്തിന് വളരെ കുറച്ചുനാളത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ...

2023 ജൂലൈ 19 പുലര്‍ച്ചെ മൂന്നരയോടെ സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടിത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. ബങ്കറിനുള്ളില്‍ അകപ്പെട്ട ജവാന്‍മാരെ രക്ഷിക്കുന്നതിനിടെയാണ് അന്‍ഷുമാന്‍ സിങ്ങിന്‍റെ ജീവന്‍ പൊലിഞ്ഞത്. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. തന്‍റേത് ഒരു സാധാരണ മരണമായിരിക്കില്ലെന്നും മരിക്കുമ്പോള്‍ ഒരു മെഡല്‍ തന്‍റെ നെഞ്ചിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി സ്മൃതി പറയുന്നു. പ്രിയതമന് രാജ്യം നല്‍കുന്ന ആദരവ് ഏറ്റുവാങ്ങുന്നതിനായി രാഷ്ട്രപതി ഭവനിലെത്തിയതായിരുന്നു സ്മൃതി സിങ്. സ്മൃതിക്കൊപ്പം ക്യാപ്റ്റന്‍ അന്‍ഷുമാന്‍റെ മാതാവും ഉണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയായ കീര്‍ത്തിചക്ര മരണാനന്തര ബഹുമതിയായി നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.

പ്രതിരോധ മന്ത്രാലയ വക്താവ് ശനിയാഴ്ച 'എക്‌സിൽ' പങ്കുവെച്ച വീഡിയോയിൽ, സ്മൃതി തൻ്റെ ഭർത്താവിനെക്കുറിച്ചും പ്രണയകാലത്തെക്കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവച്ചു. "എന്‍ജിനീയറിങ് കോളേജിലെ ആദ്യദിനത്തിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പ്രഥമകാഴ്ചയില്‍ ഞങ്ങള്‍ അനുരാഗത്തിലായി. ഒരു മാസത്തിനുശേഷം അദ്ദേഹത്തിന് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു, സൂപ്പര്‍ ഇന്റലിജന്‍റ് ബോയ് ആയിരുന്നു. പിന്നീട് നീണ്ട എട്ട് കൊല്ലം ലോങ്-ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു, തങ്ങളുടെ പ്രണയത്തെ കുറിച്ച് സ്മൃതി പറഞ്ഞു. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും ഉദ്യോഗസംബന്ധമായി അദ്ദേഹത്തിന് സിയാച്ചിനില്‍ പോകേണ്ടി വന്നു", അവര്‍ കൂട്ടിച്ചേര്‍ത്തു.

"അടുത്ത 50 വര്‍ഷക്കാലത്ത് ഞങ്ങളുടെ ജീവിതം എത്തരത്തിലായിരിക്കുമെന്ന് ജൂലായ് 18 ന് ദീര്‍ഘമായ ഫോണ്‍സംഭാഷണത്തില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം രാവിലെ അദ്ദേഹം ഇനിയില്ലെന്ന ഫോണ്‍ സന്ദേശമാണ് എന്നെത്തേടിയെത്തിയത്. അടുത്ത ഏഴെട്ട് മണിക്കൂര്‍നേരം ആ ദുരന്തം ഉള്‍ക്കൊള്ളാനാകാതെ ഞങ്ങള്‍ മരവിച്ചിരിക്കുകയായിരുന്നു, ഇന്നിപ്പോള്‍ കീര്‍ത്തിചക്ര എന്‍റെ കൈകളില്‍. അദ്ദേഹം ഒരു ഹീറോയാണ്, എനിക്കിപ്പോള്‍ വിഷമമില്ല. മറ്റുള്ളവര്‍ക്കായി, അദ്ദേഹത്തിന്‍റെ സൈനികകുടുംബത്തിനായാണ് അദ്ദേഹം ജീവത്യാഗം ചെയ്തത്", സ്മൃതി പറഞ്ഞു.

TAGS :

Next Story