'ഒരിക്കലും ബി.ജെ.പിയുമായി കൈകോർക്കില്ല'; പാർട്ടി പ്രവർത്തകർക്ക് ശരദ് പവാറിന്റെ ഉറപ്പ്
അജിത് പവാർ എൻ.സി.പി പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്നിട്ടും ശരദ് പവാർ കാര്യമായ ഇടപെടലുകൾ നടത്താത്തത് പാർട്ടിയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു.
ന്യൂഡൽഹി: ഒരിക്കലും ബി.ജെ.പിയുമായി കൈകോർക്കില്ലെന്ന് പാർട്ടി പ്രവർത്തകർക്ക് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ ഉറപ്പ്. ഊർജിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന് പൂനെയിലെ പാർട്ടിയുടെ പ്രാദേശിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പവാർ ആവശ്യപ്പെട്ടു. അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എൻ.സി.പി നേതാക്കൾ ബി.ജെ.പിക്കൊപ്പം ചേർന്നതോടെ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ആശങ്കകൾ തള്ളിക്കൊണ്ടാണ് പവാറിന്റെ പ്രസ്താവന.
എൻ.സി.പി പൂനെ യൂണിറ്റ് അധ്യക്ഷൻ പ്രശാന്ത് ജഗ്താപിന്റെ നേതൃത്വത്തിൽ 229 പ്രാദേശിക നേതാക്കളാണ് ഡൽഹിയിൽ പവാറിനെ കാണാനെത്തിയത്. എൻ.സി.പിയെയും അതിന്റെ ചിഹ്നങ്ങളെയും അജിത് പവാറിന് നൽകാൻ ബി.ജെ.പി കിണഞ്ഞു ശ്രമിക്കുകയാണെന്നും അതിന് അനുവദിക്കില്ലെന്നും പവാർ പറഞ്ഞു.
എല്ലാവരും ഒറ്റക്കെട്ടായി ആശങ്കകളില്ലാതെ പ്രവർത്തിക്കണമെന്നാണ് പാർട്ടി അധ്യക്ഷന്റെ നിർദേശമെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രശാന്ത് ജഗ്ദാപ് പറഞ്ഞു. ആഗസ്റ്റ് അവസാനവാരത്തിൽ പാർട്ടി പ്രവർത്തകരുമായി സംവദിക്കുന്നതിനായി പൂനെയിൽ റാലി നടത്തുമെന്ന പവാർ പറഞ്ഞിട്ടുണ്ടെന്നും പ്രശാന്ത് ജഗ്ദാപ് അറിയിച്ചു.
അജിത് പവാർ എൻ.സി.പി പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്നെങ്കിലും ശരദ് പവാറിനെ തള്ളിപ്പറഞ്ഞിട്ടില്ല. അജിത് പക്ഷത്തെ നേതാക്കളെല്ലാം തങ്ങളുടെ ഓഫീസിലും റാലികളിലുമെല്ലാം ശരദ് പവാറിന്റെ ഫോട്ടോ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ശരദ് പവാർ ശക്തമായ നിലപാട് സ്വീകരിക്കാൻ തയ്യാറായിട്ടില്ല. പാർട്ടി പ്രവർത്തകർക്കിടയിൽ ഇതെല്ലാം വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശാന്ത് ജഗ്ദാപിന്റെ നേതൃത്വത്തിലുള്ള സംഘം പവാറിനെ കാണാനെത്തിയത്.
Adjust Story Font
16