Quantcast

'കാർഷിക നിയമം പിൻവലിക്കില്ല'; ആവർത്തിച്ചുറപ്പിച്ച് കേന്ദ്രം

കർഷകർ സമരം നിർത്തി ചർച്ചയ്ക്ക് തയാറാകണം. കര്‍ഷകരുമായി മറ്റു സാധ്യതകളെക്കുറിച്ച് ചര്‍ച്ചയാകാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-07-08 19:49:49.0

Published:

8 July 2021 2:54 PM GMT

കാർഷിക നിയമം പിൻവലിക്കില്ല; ആവർത്തിച്ചുറപ്പിച്ച് കേന്ദ്രം
X

കാർഷിക നിയമത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ചുറപ്പിച്ച് കേന്ദ്ര സർക്കാർ. പുതിയ മന്ത്രിസഭാ പുനസംഘടനയ്ക്കു ശേഷം നടന്ന ആദ്യ യോഗത്തിനു പിറകെയാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാർ കേന്ദ്രത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്. നിയമങ്ങളുമായി ബന്ധപ്പെട്ട മറ്റു സാധ്യതകൾ കർഷകരുമായി ചർച്ച ചെയ്യാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങളാണ് പിൻവലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. അതേസമയം, കർഷകർ സമരം അവസാനിപ്പിച്ച് ചർച്ചയ്ക്ക് തയാറാകണമെന്ന് തോമാർ ആവശ്യപ്പെട്ടു. സർക്കാർ ചർച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കാർഷിക ഉൽപന്നങ്ങളുടെ വിതരണത്തിനായുള്ള അഗ്രികൾചറൽ പ്രൊഡ്യൂസ് കമ്മിറ്റി(എപിഎംസി) വിപുലീകരിക്കും. എപിഎംസിക്ക് കൂടുതൽ വിഭവങ്ങൾ നൽകാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഫാർമേഴ്‌സ് ഇൻഫ്രാ സ്ട്രക്ചർ ഫണ്ട് വഴി കർഷകർക്ക് ഒരുലക്ഷം കോടി നൽകുമെന്ന് പ്രഖ്യാപനമുണ്ട്. ആത്മനിർഭർ ഭാരതിനുകീഴിലാണ് ഈ ഫണ്ട് വകയിരുത്തിയിരിക്കുന്നത്. കാർഷിക നിയമങ്ങൾ നടപ്പാക്കുന്ന മുറയ്ക്ക് കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ ഫണ്ടിൽനിന്ന് കൂടുതൽ ധനസഹായം എപിഎംസിക്കു ലഭിക്കും. ഇത് സമിതിയെ കൂടുതൽ ശക്തിപ്പെടുത്തുകയും കൂടുതൽ കർഷകർക്ക് ഉപകാരപ്രദമാകുകയും ചെയ്യുമെന്നും നരേന്ദ്ര സിങ് തോമാർ കൂട്ടിച്ചേർത്തു.

വിവാദ കാർഷികനയങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇതുവരെയായി 11 തവണ ചർച്ച നടത്തിയിട്ടുണ്ട്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയതോടെയാണ് എല്ലാ ചർച്ചകളും ഫലം കാണാതെ പോയത്. നിയമം പിൻവലിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് കേന്ദ്രം. കഴിഞ്ഞ ജനുവരി 22നാണ് അവസാനമായി ചർച്ച നടന്നത്. റിപബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തടക്കം നടന്ന ശക്തമായ കർഷകപ്രക്ഷോഭത്തിനുശേഷം പിന്നീട് ചർച്ചകൾക്കുള്ള വഴിതുറന്നിട്ടില്ല.

TAGS :

Next Story