ഇന്ത്യയിൽ ഹിജാബിന് സ്ഥാനമില്ല: പ്രഗ്യ സിങ് ഠാക്കൂർ
"സ്വന്തം വീടുകളിൽ സുരക്ഷിതരല്ലാത്തവരാണ് ഹിജാബ് ധരിക്കുന്നത്."
ഭോപ്പാൽ: ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി എംപിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യ സിങ് ഠാക്കൂർ. സ്ത്രീകൾ പൊതുസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് പൊറുക്കാനാവില്ല എന്നാണ് പ്രഗ്യയുടെ പ്രതികരണം. ഇന്ത്യയില്‍ സ്ത്രീകൾക്ക് ഹിജാബ് ആവശ്യമില്ലെന്നും അവർ കൂച്ചേർത്തു.
'ഒരു സ്ഥലത്തും ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. സ്വന്തം വീടുകളിൽ സുരക്ഷിതരല്ലാത്തവരാണ് ഹിജാബ് ധരിക്കുന്നത്. മദ്രസയിൽ ഹിജാബ് ധരിക്കുന്നതിൽ നമുക്കൊന്നും ചെയ്യാനില്ല. പുറത്ത്, ഹിന്ദു സമാജിന് അതാവശ്യമില്ല. ഹിജാബ് പർദയാണ്. ദുഷിച്ച കണ്ണുകളോടെ നോക്കുന്നവരിൽ നിന്ന് രക്ഷപ്പെടാൻ പർദ ഉപയോഗിക്കണം. എന്നാൽ സ്ത്രീകൾ ആരാധ്യരായതു കൊണ്ട്, ഹിന്ദുക്കൾ അവരെ ദുഷിച്ച കണ്ണുകൾ കൊണ്ട് തീർച്ചയായും നോക്കില്ല' - അവർ പറഞ്ഞു.
'സ്ത്രീകളുടെയും അമ്മയുടെയും സ്ഥാനം എല്ലാറ്റത്തിനും മുകളിലാണ്. അവിടെ ഹിജാബിന് എന്താണ് സ്ഥാനം. ഭാരതത്തിൽ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. ഹിന്ദുക്കളുടെ വീടുകളിൽ സനാതന ധർമ്മമുണ്ട്. അതു കൊണ്ടു തന്നെ ഹിജാബ് വേണ്ട' - പ്രഗ്യ കൂട്ടിച്ചേർത്തു.
അതിനിടെ, ഹിജാബ് കേസിൽ കർണാടക ഹൈക്കോടതിയിൽ ഇന്ന് വീണ്ടും വാദം നടക്കും. മതചിഹ്നങ്ങളായ തലപ്പാവും കുരിശും പൊട്ടുമെല്ലാം ക്ലാസ് മുറികളിൽ അനുവദിക്കുമ്പോൾ ഹിജാബ് മാത്രം എന്തു കൊണ്ട് പുറത്തു നിർത്തുന്നുവെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ രവി വർമ കുമാർ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അടങ്ങിയ ഫുൾബഞ്ചിനു മുമ്പാകെയാണ് വാദം നടക്കുന്നത്.
Adjust Story Font
16