ഇന്ത്യ വൈവിധ്യം കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന് ലോകം ഉറ്റുനോക്കുന്നു: മോഹൻ ഭഗവത്
നമ്മുടെ ഭാഷ, വേഷം, സംസ്‌കാരം എന്നിവയിൽ വളരെ ചെറിയ വ്യത്യാസങ്ങളുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ കുടുങ്ങിക്കിടക്കാതെ എല്ലാവരെയും ഒന്നായി ഉൾക്കൊള്ളാനുള്ള കഴിവ് നമ്മൾ ആർജിക്കണം - മോഹൻ ഭഗവത് പറഞ്ഞു.
നാഗ്പൂർ: ഇന്ത്യ എങ്ങനെയാണ് വൈവിധ്യം കാത്തുസൂക്ഷിക്കുന്നതെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. നാഗ്പൂരിൽ 'ഭാരത്@2047: എന്റെ ദർശനം എന്റെ പ്രവൃത്തി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''വൈവിധ്യത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ലോകം വൈരുധ്യങ്ങൾ നിറഞ്ഞതാണ് പക്ഷെ ദ്വന്ദങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നത് ഇന്ത്യയിൽ മാത്രമേ കാണാനാവൂ''-ഭഗവത് പറഞ്ഞു.
ചരിത്രത്തിൽ നടന്ന പലകാര്യങ്ങളും ചരിത്രകാരൻമാർ നമുക്ക് പറഞ്ഞു തന്നിട്ടില്ല. ഉദാഹരണത്തിന് സംസ്‌കൃതം ഗ്രാമർ ഇന്ത്യയിലല്ല പിറവിയെടുത്തതെന്ന് പറയുന്നു. എന്തുകൊണ്ടാണിതെന്ന് നാം എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? ആദ്യത്തെ കാരണം നാം നമ്മുടെ ബുദ്ധിയും അറിവും സൗകര്യപൂർവം മറന്നു എന്നതാണ്. വിദേശികൾ, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ മേഖലയിലുള്ളവർ ഇന്ത്യയെ ആക്രമിച്ചു എന്നതാണ് രണ്ടാമത്തെ കാരണം. ജാതിപോലുള്ള കാര്യങ്ങൾക്ക് നമ്മൾ അനാവശ്യ പ്രാധാന്യം കൊടുത്തുവെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
ജോലിക്ക് വേണ്ടി രൂപീകരിച്ച സംവിധാനങ്ങൾ ജനങ്ങൾക്കും സമുദായങ്ങൾക്കും ഇടയിൽ വ്യത്യാസങ്ങൾ സൃഷ്ടിച്ചു. നമ്മുടെ ഭാഷ, വേഷം, സംസ്‌കാരം എന്നിവയിൽ വളരെ ചെറിയ വ്യത്യാസങ്ങളുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ കുടുങ്ങിക്കിടക്കാതെ എല്ലാവരെയും ഒന്നായി ഉൾക്കൊള്ളാനുള്ള കഴിവ് നമ്മൾ ആർജിക്കണം. നമ്മുടെ രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവർ എല്ലാം നമ്മുടെ സ്വത്താണ്. അത്തരമൊരു ബന്ധമാണ് നമുക്കിടയിൽ വളർത്തിയെടുക്കേണ്ടതെന്നും മോഹൻ ഭഗവത് പറഞ്ഞു.
Adjust Story Font
16