Quantcast

ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തില്‍; സുപ്രിംകോടതി പരാതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക

MediaOne Logo

Web Desk

  • Updated:

    2023-04-28 01:41:46.0

Published:

28 April 2023 1:35 AM GMT

wrestler strike on 6th day
X

ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഏഴു പേർ ചേർന്നാണ് ഹരജി നൽകിയത്. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

പരാതിയിലുള്ള ആരോപണങ്ങൾ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം താരങ്ങളുടെ ജന്തർ മന്തറിലെ രാപ്പകൽ സമരം ആറാം ദിവസത്തേക്ക് കടന്നു. പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്നതും അച്ചടക്ക ലംഘനവും ആണെന്ന ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാണ്.

പരാതികൾ ഉന്നയിക്കാൻ വേദികൾ ഉണ്ടെന്നിരിക്കെ തെരുവിലെ സമരം കായിക മേഖലക്ക് ദോഷമാണെന്നാണ് പി.ടി ഉഷ പറഞ്ഞത്. വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പി.ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു.

താരങ്ങളുടെ ആരോപണങ്ങൾക്ക് സാക്ഷിയാണ് താനെന്ന് സായ് മുൻ ഫിസിയോ പരഞ്ജീത് മാലിക് വ്യക്തമാക്കി. പരാതി ഉന്നയിച്ച തന്നെ സായ് പുറത്താക്കിയെന്നും ഇക്കാര്യം മേൽനോട്ട സമിതിക്ക് മുമ്പാകെ അറിയിച്ചതാണെന്നും പരഞ്ജീത് പറഞ്ഞു. താരങ്ങളുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. ഡൽഹി കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

TAGS :

Next Story