ഇനി രാഷ്ട്രീയ ഗോദയിലേക്ക്; ഗുസ്തി താരം 'ദ ഗ്രേറ്റ് ഖാലി' ബി.ജെ.പിയിൽ ചേർന്നു
ബി.ജെ.പിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്നും പാർട്ടിയുടെ ദേശീയ നയമാണ് ആകർഷിച്ചതെന്നും ഖാലി
ദ ഗ്രേറ്റ് ഖാലി എന്നറിയപ്പെടുന്ന പ്രൊഫഷണൽ ഗുസ്തിതാരവും വേൾഡ് റെസലിംഗ് എന്റർടൈൻമെന്റ് (ഡബ്ല്യു.ഡബ്ല്യു.ഇ) താരവുമായ ദലിപ് സിംഗ് റാണ ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഉച്ചക്ക് നടന്ന ചടങ്ങിൽ ഖാലിയെ ബി.ജെ.പി നേതാക്കൾ സ്വീകരിച്ചു. ബി.ജെ.പിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്നും പാർട്ടിയുടെ ദേശീയ നയമാണ് എന്നെ ആകർഷിച്ചതെന്നും ഖാലി പറഞ്ഞു. രാജ്യത്തിനായുള്ള പ്രവർത്തനമാണ് മോദിയെ യഥാർഥ പ്രധാനമന്ത്രിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റ് ഖാലി ഞങ്ങളോടൊപ്പം ചേരുന്നതോടെ യുവാക്കൾക്കും രാജ്യത്തെ മറ്റ് ആളുകൾക്കും ഇത് പ്രചോദനമാകുമെന്നും കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഗുസ്തി കരിയറാക്കുന്നതിന് മുമ്പ് പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു ദലിപ് സിംഗ് റാണ. 2000 ലാണ് ഖാലി തന്റെ പ്രൊഫഷണൽ ഗുസ്തിയിൽ അരങ്ങേറ്റം കുറിച്ചത്.
49 കാരനായ ഗ്രേറ്റ് ഖാലി 2021ലെ ഡബ്ല്യു.ഡബ്ല്യു.ഇ ഹാൾ ഓഫ് ഫെയിം ക്ലാസിൽ ഇടംനേടിയ മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യനാണ്. 2007-ൽ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തിട്ടുണ്ട്. നാല് ഹോളിവുഡ് ചിത്രങ്ങളിലും രണ്ട് ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഡബ്ല്യു.ഡബ്ല്യു.ഇ നിന്ന് വിരമിച്ചതിന് ശേഷം കോണ്ടിനെന്റൽ റെസ്ലിംഗ് എന്റർടൈൻമെന്റ് എന്ന ഇന്ത്യൻ പ്രൊഫഷണൽ റെസ്ലിംഗ് പ്രൊമോഷനും പരിശീലന അക്കാദമിയും ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ഖാലി പാർട്ടിയിൽ ചേർന്നത്. ഫെബ്രുവരി 14 നാണ് പഞ്ചാബിൽ വോട്ടെടുപ്പ്. മാർച്ച് 10ന് വോട്ടെണ്ണൽനടക്കും.
Adjust Story Font
16