'ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം': ഡൽഹിയിൽ മെഴുകുതിരി കത്തിച്ച് ഗുസ്തി താരങ്ങളുടെ പ്രതിഷേധം
ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന് താരങ്ങൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം കടുക്കുന്നു. ജന്തർ മന്തറിൽ താരങ്ങൾ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുകയാണ്.
ഗുസ്തി താരങ്ങളും അവർക്ക് പിന്തുണയായെത്തിയവരുമാണ് പ്രതിഷേധിക്കുന്നത്. കർഷക പ്രതിനിധികളും സർവകലാശാല വിദ്യാർഥികളുമടക്കം കൂട്ടത്തിലുണ്ട്. പൊലീസ് അനുവദിച്ച സ്ഥലം കടന്നാൽ തടയുമെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സ്ഥലം കടന്ന താരങ്ങളെ പൊലീസ് തടഞ്ഞെങ്കിലും സംഘർഷമുണ്ടായില്ല. സമരം പൂർണവിജയത്തിലെത്തും വരെ തങ്ങളോടൊപ്പം എല്ലാവരും നിൽക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന് താരങ്ങൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം 21ന് മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. താരങ്ങൾക്ക് നീതി ലഭിച്ചേ പറ്റൂവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തും പറഞ്ഞു.
ബ്രിജ് ഭൂഷനെതിരെ മൂന്നാം ഘട്ട സമരമാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കാത് അടക്കമുള്ള നേതാക്കളുമായി കായിക താരങ്ങൾ രാവിലെ ചർച്ച നടത്തിയിരുന്നു. അതി ശേഷമാണ് ഡൽഹി വളഞ്ഞു ബ്രിജ്ഭൂഷനെതിരെയും കേന്ദ്രസർക്കാരിനെതിരെയും ശക്തമായ സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.
Adjust Story Font
16