ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതി; ബ്രിജ് ഭൂഷനെതിരെ കേസെടുത്തു
ഇയാൾക്കെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്.
ന്യൂഡൽഹി: താരങ്ങളുടെ ലൈംഗിക പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ കേസെടുത്തു. ഡൽഹി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സുപ്രിംകോടതി ഇടപെടലോടെയാണ് നടപടി. ഇയാൾക്കെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്.
പ്രായപൂർത്തിയാകാത്ത താരം നൽകിയ പരാതിയിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഒരു എഫ്.ഐ.ആർ. ശേഷിക്കുന്ന ആറ് പേരുടെ പരാതിയിലാണ് രണ്ടാമത്തേത്.
ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഇന്ന് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതി കോടതിയിലെത്തിയ സാഹചര്യത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ ഇടാൻ തയാറായത്.
സുപ്രിംകോടതി ഉത്തരവിനെ മാനിക്കുന്നുവെന്നും എന്നാല്‍ എഫ്.ഐ.ആര്‍ ഇടാന്‍ വേണ്ടി മാത്രമല്ല ബ്രിജ്ഭൂഷൻ സിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ വേണ്ടിയാണ് തങ്ങളുടെ സമരമെന്നും താരങ്ങള്‍ പറഞ്ഞു.
സുപ്രിംകോടതി ഉത്തരവ് വിജയത്തിന്‍റെ ആദ്യപടിയായാണ് കാണുന്നതെന്നും എന്നാൽ, ഡൽഹി പൊലീസിനെ വിശ്വാസമില്ലെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ ഡൽഹി ജന്തർ മന്തറിലെ സമരം തുടരുമെന്നും ഗുസ്തി താരങ്ങൾ വ്യക്തമാക്കി.
Adjust Story Font
16