Quantcast

എഴുത്തുകാരി നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവച്ചു; ലണ്ടനിലേക്ക് തിരിച്ചയച്ചു

ആർ.എസ്.എസ്സിനെതിരെ മുൻപ് നടത്തിയ വിമർശനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ അനൗപചാരികമായി സംസാരിച്ചതായി നിതാഷ

MediaOne Logo

Web Desk

  • Published:

    25 Feb 2024 4:03 PM GMT

എഴുത്തുകാരി നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവച്ചു; ലണ്ടനിലേക്ക് തിരിച്ചയച്ചു
X

ബെംഗളൂരു: ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് എഴുത്തുകാരി നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു. കർണാടക സർക്കാരിന്റെ പരിപാടിക്കെത്തിയതായിരുന്നു അവർ. മണിക്കൂറുകളോളം വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം തിരിച്ചയയ്ക്കുകയും ചെയ്തതായി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലാ അധ്യാപിക കൂടിയായ നിതാഷ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണു നടപടിയെന്ന് അവര്‍ ആരോപിച്ചു. ആർ.എസ്.എസ് വിമർശനത്തിന്റെ പേരിൽ നിതാഷ മുന്‍പ് വധഭീഷണി ഉള്‍പ്പെടെ നേരിട്ടിരുന്നു.

കർണാടക സർക്കാർ സംഘടിപ്പിച്ച കോൺസ്റ്റിറ്റ്യൂഷൻ ആൻഡ് നാഷനൽ യൂനിറ്റി കൺവെൻഷനിൽ പ്രത്യേക ക്ഷണിതാവായിരുന്നു നിതാഷാ കൗൾ. സമ്മേളനത്തിൽ ഇന്ന് 'ഭരണഘടനയും ജനാധിപത്യവും' എന്ന വിഷയത്തിൽ സംസാരിക്കാനിരിക്കെയായിരുന്നു വിമാനത്താവളത്തിൽനിന്നു തിരിച്ചയച്ചത്. മുൻകൂട്ടി ഒരു വിവരവും നൽകാതെയാണ് എമിഗ്രേഷൻ വിഭാഗത്തിന്റെ നടപടിയെന്ന് അവർ ആരോപിച്ചു. വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ഇടുങ്ങിയ മുറിയിൽ കിടത്തുകയും ചെയ്തു. കിടന്നുറങ്ങാനോ ഭക്ഷണം കഴിക്കാനോ വേണ്ട സൗകര്യങ്ങളൊന്നും ചെയ്തുതന്നില്ലെന്നും നിതാഷ കൗൾ എക്‌സിൽ പോസ്റ്റ് ആരോപിച്ചു.

കർണാടക സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ഉൾപ്പെടെയുള്ള രേഖകളെല്ലാം കാണിച്ചു പലതവണ ബന്ധപ്പെട്ടവരെ വിളിച്ചപ്പോഴും കൈമലർത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഡൽഹിയിൽനിന്നുള്ള ഉത്തരവാണെന്നും ഒന്നും ചെയ്യാനാകില്ലെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ആർ.എസ്.എസ്സിനെതിരെ മുൻപ് നടത്തിയ വിമർശനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ അനൗപചാരികമായി പരാമർശിച്ചതായും നിതാഷ വെളിപ്പെടുത്തി.

മുൻപും വലതുപക്ഷ, ഹിന്ദുത്വ സംഘങ്ങളുടെ വധഭീഷണിയും ബലാത്സംഗ ഭീഷണിയുമെല്ലാം നേരിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. 2014നുശേഷം നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിലും ജെ.എൻ.യുവിലും നടന്ന രണ്ടു പരിപാടികളിൽ സംസാരിക്കാനുള്ള ക്ഷണം റദ്ദാക്കിയിട്ടുണ്ട്. അക്കാദമിക്കുകളെയും മാധ്യമപ്രവർത്തകരെയും എഴുത്തുകാരെയുമെല്ലാം നിരോധിക്കുകയാണെന്നും രാജ്യത്തെ അക്കാദമിക സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നും നിതാഷ ആരോപിച്ചു.

കശ്മീരി പണ്ഡിറ്റുകളായ ദമ്പതികളുടെ മകളായ നിതാഷാ കൗൾ ഉത്തർപ്രദേശിലെ ഗൊരക്പൂരിലാണു ജനിച്ചത്. പിന്നീട് പഠനത്തിനായി ബ്രിട്ടനിലെത്തി. ശേഷം അവിടെത്തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. കവയിത്രിയും നോവലിസ്റ്റും കൂടിയായ അവർ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ആദ്യ നോവൽ 2009ലെ മാൻ ഏഷ്യൻ ലിറ്റററി പ്രൈസ് ചുരുക്കപ്പെട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റിയ ശേഷം കശ്മീരികൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയം കമ്മിറ്റിയിൽ മുഖ്യ സാക്ഷിയായി സംസാരിച്ചത് ഏറെ ചർച്ചയായിരുന്നു.

Summary: British academic of Kashmiri origin Nitasha Kaul alleges being denied entry to India on ‘orders from Delhi’

TAGS :

Next Story