Quantcast

'ഇതേ ഷവോമി തന്നെയാണ് പി.എം കെയേഴ്‌സിലേക്ക് 10 കോടി രൂപ സംഭാവന നൽകിയത്'- സ്വത്ത് കണ്ടുകെട്ടിയ നടപടിയിൽ മഹുവ മൊയ്ത്ര

വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഷവോമിയുടെ 5,500 കോടി രൂപയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു

MediaOne Logo

Web Desk

  • Published:

    1 May 2022 5:03 AM GMT

ഇതേ ഷവോമി തന്നെയാണ് പി.എം കെയേഴ്‌സിലേക്ക് 10 കോടി രൂപ സംഭാവന നൽകിയത്- സ്വത്ത് കണ്ടുകെട്ടിയ നടപടിയിൽ മഹുവ മൊയ്ത്ര
X

ന്യൂഡൽഹി: വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് ചൈനീസ് സ്മാർട്‌ഫോൺ നിർമാതാക്കളായ ഷവോമിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടപടിയെടുത്ത ഷവോമി തന്നെയാണ് പ്രധാനമന്ത്രിയുടെ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് 10 കോടി രൂപ സംഭാവന നൽകിയതെന്ന് മഹുവ കുറ്റപ്പെടുത്തി.

''വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് ചൈനീസ് സ്മാർട്ട്‌ഫോൺ ഭീമന്മാരായ ഷവോമിയുടെ 5,500 കോടി രൂപയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടിയിരിക്കുകയാണ്. ഇതേ ഷവോമി തന്നെയാണ് പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് 10 കോടി രൂപ സംഭാവന ചെയ്തത്. പാർലമെന്റിൽ ഞങ്ങളുടെ ചോദ്യങ്ങളെല്ലാം തടഞ്ഞിരിക്കുകയാണ്.''- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

1999ലെ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഷവോമിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനി അനധികൃത പണമിടപാടുകൾ നടത്തിയെന്നാണ് ആരോപണം. ഈ വർഷം ഫെബ്രുവരിയിൽ കമ്പനിയുടെ അനധികൃത ഇടപാടുകൾക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നു.

2014ലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 2015 മുതൽ പണം അടയ്ക്കാൻ തുടങ്ങി. റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5,551.27 കോടി രൂപയ്ക്കു തുല്യമായ വിദേശ കറൻസി അയച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.

Summary: Same Xiaomi allowed to donate ₹10 crore: Mahua Moitra after ED seizure

TAGS :

Next Story