ആളുകളുടെ വരുമാനം വര്‍ധിക്കുന്നില്ലേ? അപ്പോള്‍ വിലക്കയറ്റവുമാകാമെന്ന് മധ്യപ്രദേശ് മന്ത്രി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാധാരണക്കാരന്‍റെ വരുമാനം വർധിച്ചിട്ടില്ലേ?
പെട്രോള്‍ വില റോക്കറ്റുപോലെ കുതിക്കുകയാണ്. വില കൂടാത്ത ഒരു ദിവസം പോലുമില്ലാത്ത അവസ്ഥയായി മാറിയിരിക്കുന്നു. പെട്രോള്‍ വിലവര്‍ധനവില്‍ പൊതുജനം പൊറുതിമുട്ടുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും വിലക്കയറ്റത്തെ ന്യായീകരിക്കുകയാണ്. മധ്യപ്രദേശിലെ തൊഴില്‍മന്ത്രി മഹേന്ദ്ര സിങ് സിസോദിയയും ഈയിടെ ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു. ആളുകളുടെ വരുമാനം വര്‍ധിക്കുന്നുണ്ടെങ്കില്‍ അല്‍പം വിലക്കയറ്റവുമാകാമെന്നാണ് സിസോദിയയുടെ വാദം. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാധാരണക്കാരന്‍റെ വരുമാനം വർധിച്ചിട്ടില്ലേ? അതു ശരിയാണെങ്കിൽ, നിങ്ങൾ വിലക്കയറ്റം അംഗീകരിക്കണം. സര്‍ക്കാരിന് എല്ലാം സൌജന്യമായി കൊടുക്കാനാകില്ല. സര്‍ക്കാര്‍ വരുമാനം കണ്ടെത്തുന്നത് ഇതുവഴിയാണ്. ഇതുകൊണ്ടാണ് സര്‍ക്കാര്‍ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും'' അദ്ദേഹം പറഞ്ഞു.
10 വർഷം മുമ്പ് നിങ്ങൾ 6,000 രൂപ സമ്പാദിച്ചു, ഇന്ന് നിങ്ങൾ 50,000 രൂപ സമ്പാദിക്കുന്നു, എന്നിട്ടും നിങ്ങൾക്ക് അന്നത്തെ അതേ നിരക്കിൽ പെട്രോളും ഡീസലും വേണം - ഇത് സാധ്യമല്ല. സമൂഹത്തിലെ ഏതു വിഭാഗത്തിനാണ് വരുമാനം വര്‍ധിക്കാത്തത്. 5000 രൂപ കിട്ടിയിരുന്ന ജീവനക്കാർക്ക് ഇന്ന് 25-30,000 രൂപ കിട്ടുന്നില്ലേ?കച്ചവടക്കാർക്ക് അവരുടെ സാധനങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നില്ലേ?പച്ചക്കറിയും പാലും വിൽക്കുന്നവർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നില്ലേ? വിലക്കയറ്റം പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത് മാത്രമാണോ, കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഉണ്ടായിട്ടില്ലേ.. ഇതെല്ലാം ഇങ്ങനെ നടന്നു പോകുന്നതാണ്, നാം അതിനെ അംഗീകരിച്ചെ മതിയാകൂ എന്നും സിസോദിയ പറഞ്ഞു.
Adjust Story Font
16