'യു.പിയെ കേരളമാക്കരുത്, ഇത് ഞാന്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്': വീണ്ടും യോഗി ആദിത്യനാഥ്
ബംഗാളിലും കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുകയാണെന്ന് യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശിനെ കേരളം പോലെ ആക്കരുതെന്ന പ്രസ്താവന ആവർത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയെ കേരളവും പശ്ചിമ ബംഗാളും ആക്കരുത്. ബംഗാളിലും കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുകയാണെന്ന് യോഗി ആദിത്യനാഥ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങൾക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയതാണെന്ന് യോഗി പറഞ്ഞു. ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് പശ്ചിമ ബംഗാളും കേരളവും പോലെയാകുമെന്ന തന്റെ പരാമർശം യോഗി ആവര്‍ത്തിച്ചു- "ബംഗാളിൽ നിന്ന് വന്ന് ഇവര്‍ ഇവിടെ അരാജകത്വം പ്രചരിപ്പിക്കുകയാണ്. ജാഗ്രത പുലർത്തുക. സുരക്ഷയും നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനവും തടസ്സപ്പെടുത്താൻ ആളുകള്‍ വന്നിരിക്കുന്നു, അത് സംഭവിക്കാൻ അനുവദിക്കരുത്. ജനങ്ങളെ ഇക്കാര്യം അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു"- യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് പറഞ്ഞു- "ഞാന്‍ ചോദിക്കാൻ ആഗ്രഹിക്കുന്നു, ബംഗാളിൽ സമാധാനപരമായാണോ തെരഞ്ഞെടുപ്പ് നടന്നത്? അടുത്തിടെ ബംഗാളിൽ വിധാൻസഭാ തെരഞ്ഞെടുപ്പ് നടന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ബൂത്തുകൾ പിടിച്ചെടുത്തു. അരാജകത്വം അതിന്റെ ഉച്ചസ്ഥായിയിലാണ്. നിരവധി പേർ കൊല്ലപ്പെട്ടു. കേരളത്തിലും സമാനമായ അവസ്ഥയാണുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നതുപോലെ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റെവിടെയാണ് നടന്നത്?"
"യു.പി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായി പൂർത്തിയായി. നേരത്തെ ഇവിടെ കലാപം നടന്നിരുന്നു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ എന്തെങ്കിലും കലാപം നടന്നോ?"- ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന സർക്കാരിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്. എല്ലാവർക്കും സുരക്ഷിതത്വവും സമൃദ്ധിയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ സർക്കാർ പ്രവർത്തിക്കുന്നതെന്നും ഒരു പ്രത്യേക സമുദായത്തെയും പ്രീണിപ്പിക്കില്ലെന്നും യോഗി ആദിത്യനാഥ് വിശദീകരിച്ചു.
"അഞ്ച് വർഷത്തിനുള്ളിൽ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് തടസ്സം നേരിട്ടോ? ഹിന്ദുക്കളും മുസ്‍ലിംകളും അവരുടെ ഉത്സവങ്ങള്‍ സമാധാനപരമായി ആഘോഷിച്ചു. ഹിന്ദുക്കൾ സമാധാനത്തോടെയിരിക്കുമ്പോൾ അവരും (മുസ്‍ലിംകളും) സമാധാനത്തിലാണ്. ഹിന്ദുക്കൾ സുരക്ഷിതരാണ്, അതിനാൽ മുസ്‍ലിംകളും. ഞങ്ങൾ എല്ലാവർക്കും സുരക്ഷിതത്വം നൽകുന്നു, എല്ലാവർക്കും അഭിവൃദ്ധി നൽകുന്നു, എല്ലാവരെയും ബഹുമാനിക്കുന്നു, എന്നാൽ ആരെയും പ്രീണിപ്പിക്കുന്നില്ല"- യോഗി ആദിത്യനാഥ് പറഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങൾ വിവേചനം നേരിട്ടെന്ന അഖിലേഷ് യാദവിന്‍റെ പരാമര്‍ശം ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു- "ജനാധിപത്യത്തിൽ ഏതെങ്കിലും സർക്കാർ പൊതുവികാരം മാനിക്കുന്നില്ലെങ്കില്‍, പദ്ധതികള്‍ ആളുകളെ നോക്കി വിതരണം ചെയ്യുന്നുണ്ടെങ്കില്‍, ജാതി-മത വിവേചനം കാണിക്കുന്നുവെങ്കിൽ അത് ജനാധിപത്യത്തെ പരിഹസിക്കലാണ്"- യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്ന വീക്ഷണം യോഗി ആദിത്യനാഥ് ആവർത്തിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്നത് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ യു.പി മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. കോവിഡ് വാക്സിന്‍ നല്‍കി ജനങ്ങളെ സുരക്ഷിതരാക്കിയ പ്രധാനമന്ത്രിക്ക് യു.പിയിലെ ജനങ്ങള്‍ നന്ദി പ്രകാശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.പിയിലെ 15 കോടി ജനങ്ങൾക്ക് സര്‍ക്കാര്‍ ഇരട്ടി റേഷന്‍ നല്‍കുന്നു. ഈ പണം മുമ്പ് എവിടെ പോയിരുന്നുവെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് യോഗി ആദിത്യനാഥ് ചോദിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അഖിലേഷിന് സമയമില്ലെന്നും അദ്ദേഹം ഉറങ്ങുകയും സ്വപ്നം കാണുകയും ചെയ്യുന്ന തിരക്കിലാണെന്നും യോഗി പരിഹസിച്ചു- "അഖിലേഷ്ജിയുടെ കയ്യില്‍ ഈ കണക്കുകൾ ഉണ്ടാകില്ല. അദ്ദേഹം മഹാനായ വ്യക്തിയുടെ മകനാണ്. 12 മണിക്കൂർ ഉറങ്ങുന്നു, 6 മണിക്കൂർ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നു. ബാക്കിയുള്ള സമയങ്ങളിൽ അദ്ദേഹം മറ്റ് ജോലികളിൽ വ്യാപൃതനാകും. അതിനാൽ ഈ വിവരമൊന്നും അദ്ദേഹം അറിയില്ല". രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യം വെച്ച് കോൺഗ്രസിനെ മുക്കിക്കളയാൻ മറ്റാരും ആവശ്യമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Adjust Story Font
16