മദ്‌റസകളുടെ വിദേശ ഫണ്ടിങ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് യു.പി സർക്കാർ
എ.ടി.എസ് അഡീഷണൽ ഡി.ജി.പി മോഹിത് അഗർവാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് നിയോഗിച്ചത്.
ലഖ്‌നോ: സംസ്ഥാനത്തെ മദ്‌റസകളുടെ വിദേശ ഫണ്ടിങ്ങിനെക്കുറിച്ച് അന്വേഷിക്കാൻ യു.പി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. എ.ടി.എസ് അഡീഷണൽ ഡി.ജി.പി മോഹിത് അഗർവാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് നിയോഗിച്ചത്.
സംസ്ഥാനത്ത് ഏകദേശം 24,000 മദ്‌റസകളുണ്ട്. അതിൽ 16,500ലധികം മദ്‌റസകൾ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്‌റസ എജ്യുക്കേഷന്റെ അംഗീകാരമുള്ളവയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 80 മദ്‌റസകൾ വിവിധ രാജ്യങ്ങളിൽനിന്ന് 100 കോടി രൂപ സംഭാവനയായി സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് മോഹിത് അഗർവാൾ പറഞ്ഞു. ഈ തുക മദ്‌റസകളുടെ പ്രവർത്തനങ്ങൾക്ക് തന്നെയാണോ ചെലവഴിച്ചതെന്നും മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചോ എന്നും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ബോർഡിൽ രജിസ്റ്റർ ചെയ്ത മദ്‌റസകളുടെ വിശദാംശങ്ങൾ എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോർഡിന്റെ അംഗീകാരമില്ലാത്ത മദ്‌റസകളുടെ സർവേ നടത്താൻ കഴിഞ്ഞ വർഷം യോഗി ആദിത്യനാഥ് സർക്കാർ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം 8449 മദ്‌റസകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ലഖിംപൂർ ഖേരി, പിലിഭിത്, ശ്രാവസ്തി, സിദ്ധാർഥ് നഗർ, ബഹ്‌റൈച്ച് എന്നിവിടങ്ങളിൽ ആയിരത്തിലധികം മദ്‌റസകൾ പ്രവർത്തിക്കുന്നുണ്ടെന്നും കുറച്ച് വർഷങ്ങളായി ഈ പ്രദേശങ്ങളിൽ മദ്‌റസകളുടെ എണ്ണം അതിവേഗം വർധിക്കുന്നതായും ന്യൂനപക്ഷവകുപ്പ് അധികൃതർ പറഞ്ഞു.
Adjust Story Font
16