യുപിയിൽ ആറുമാസത്തേക്ക് പ്രതിഷേധങ്ങളും സമരങ്ങളും നിരോധിച്ച് യോഗി സർക്കാർ
അവശ്യ സേവന പരിപാലന നിയമ പ്രകാരമാണ് ഉത്തരവ്
ലഖ്നൗ: യുപിയിൽ ആറുമാസത്തേക്ക് പ്രതിഷേധങ്ങളും സമരങ്ങളും നിരോധിച്ച് യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ. സര്‍ക്കാറിന് കീഴിലുള്ള എല്ലാ വകുപ്പുകളിലേയും കോർപറേഷനിലേയും മറ്റ് അതോറിറ്റികളിലേയും ജീവനക്കാരുടെ സമരങ്ങളാണ് ആറ് മാസത്തേക്ക് നിരോധിച്ചത്. അവശ്യ സേവന പരിപാലന നിയമ (ഇഎസ്എംഎ) പ്രകാരമാണ് ഉത്തരവ്.
ജനുവരിയില്‍ നടക്കുന്ന മഹാകുംഭമേളയുടെയും വരാനിരിക്കുന്ന മറ്റ് സുപ്രധാന പരിപാടികളുടെയും മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാൽ നിയമം നടപ്പിലാക്കുന്നത് വഴി സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ അടിച്ചമർത്താനാണ് യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്ന വിമർശനം ഉയർന്നു വരുന്നുണ്ട്. എന്നാല്‍ കുംഭമേളയുടെ ഭാഗമായി പ്രദേശത്ത് എത്തുന്നവര്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതിരിക്കാനാണ് ഈ തീരുമാനം എന്നാണ് സർക്കാർ നല്‍കുന്ന വിശദീകരണം.
കുംഭമേളയ്ക്ക് ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കും മറ്റ് താമസക്കാര്‍ക്കും അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ബിജെപി വക്താവ് മനീഷ് ശുക്ല പറഞ്ഞു. യോഗി സർക്കാറിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. വ്യക്തികൾക്കും സർക്കാർ ജീവനക്കാർക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെയാണ് ഈ തീരുമാനം ലംഘിക്കുന്നതെന്ന് എസ്പി എംഎല്‍സി അശുതോഷ് സിന്‍ഹ പറഞ്ഞു. പൊതുപ്രകടനത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട് എന്നും സിൻഹ കൂട്ടിച്ചേർത്തു.
Adjust Story Font
16