യു.പിയിൽ മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കി യോഗി സർക്കാർ
കഴിഞ്ഞയാഴ്ചയാണ് മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി യു.പി ന്യൂനപക്ഷ മന്ത്രി ദാനിഷ് ആസാദ് അൻസാരി ഉത്തരവിറക്കിയത്
ലഖ്‌നൗ: ഉത്തർപ്രദേശിൽ മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കി. പുതിയ മദ്രസകളെ ഗ്രാന്റ് പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നിർദേശത്തിന് യോഗി മന്ത്രിസഭ അംഗീകാരം നൽകി. അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആരംഭിച്ച മദ്രസാ ഗ്രാന്റാണ് ഇപ്പോൾ യോഗി ആദിത്യനാഥ് നിർത്തലാക്കിയിരിക്കുന്നത്.
യു.പിയിലെ മദ്രസകൾ ആധുനികവൽക്കരിക്കുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നടപടി. മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കിയും അടുത്തിടെ ഉത്തരവിറങ്ങിയിരുന്നു. ഔദ്യോഗിക കണക്കുപ്രകാരം 16,461 മദ്രസകളാണ് യു.പിയിലുള്ളത്. ഇതിൽ 558 മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകിവരുന്നുണ്ട്. കഴിഞ്ഞ യു.പി സർക്കാർ ബജറ്റിൽ മദ്രസ ആധുനികവൽക്കരണ പദ്ധതിക്കായി 479 കോടതി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ഇനി മുതൽ പുതുതായി മദ്രസകൾക്കൊന്നും ഗ്രാന്റ് നൽകേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി യു.പി ന്യൂനപക്ഷ മന്ത്രി ദാനിഷ് ആസാദ് അൻസാരി ഉത്തരവിറക്കിയത്. മാർച്ച് 24ന് ചേർന്ന യു.പി മദ്രസ എജ്യുക്കേഷൻ ബോർഡ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഈ മാസം ഒൻപതിന് ഉത്തരവ് നടപ്പാക്കാനും തീരുമാനമായി.
ദേശീയതയ്ക്ക് ഊന്നൽ നൽകുന്ന തരത്തിൽ സംസ്ഥാനത്തെ മദ്രസാ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമെന്ന് നേരത്തെ യു.പി ന്യൂനപക്ഷക്ഷേമ വകുപ്പുമന്ത്രി ധരംപാൽ സിങ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. മദ്രസാ വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്താനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് യോഗി മന്ത്രിസഭയിലെ ഏക മുസ്ലിം കൂടിയായ ദാനിഷ് ആസാദ് അൻസാരിയും വെളിപ്പെടുത്തി.
Summary: Yogi Adityanath cabinet accepts proposal to stop grants to new madrassas in UP
Adjust Story Font
16