'ദലിതനായതിൽ മാറ്റിനിർത്തുന്നു'; യു.പി ജലവിഭവ മന്ത്രി രാജിവെച്ചു, യോഗി സർക്കാറിന് തിരിച്ചടി
'എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല, എന്റെ വകുപ്പിനെ കുറിച്ച് മാത്രം ഒന്നും പറയുന്നില്ല. ഇത് ദലിത് സമൂഹത്തെ അപമാനിക്കലാണ്'
ലഖ്‌നൗ: ദലിതനായതിനാൽ മാറ്റിനിർത്തിയെന്നാരോപിച്ച് ഉത്തർപ്രദേശ് മന്തി രാജിവെച്ചു. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ ജലവിഭവ മന്ത്രി ദിനേശ് ഖതിക്കാണ് രാജിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മന്ത്രി ദിനേശ് ഖതിക് രാജിക്കത്ത് അയച്ചു. 100 ദിവസമായി തനിക്ക് ഒരു ജോലിയും നൽകിയിട്ടില്ലെന്ന് രാജിക്കത്തിൽ ആരോപിച്ചു.
'ഞാൻ ദലിതനായതിനാൽ എനിക്ക് ഒരു പ്രാധാന്യവും നൽകിയില്ല, എനിക്ക് മന്ത്രി എന്ന നിലയിൽ അധികാരമില്ല. സംസ്ഥാന മന്ത്രിയെന്ന നിലയിൽ ഞാൻ പ്രവർത്തിക്കുന്നത് ദളിത് വിഭാഗത്തിന് പാഴ് വേലയാണ്. എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല, എന്റെ വകുപ്പിനെ കുറിച്ച് മാത്രം ഒന്നും പറയുന്നില്ല. ഇത് ദളിത് സമൂഹത്തെ അപമാനിക്കലാണ്,' ഖാതിക് രാജിക്കത്തിൽ പറയുന്നു.
മനം നൊന്താണ് രാജിവെക്കുന്നതെന്നും ദിനേശ് ഖതിക് പറഞ്ഞു.രാജിയിൽ നിന്ന് പിന്മാറാൻ പാർട്ടി ശ്രമിക്കുന്നതായി വൃത്തങ്ങൾ പറയുന്നു. മാസങ്ങൾക്ക് മുമ്പ് വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാറിന് മന്ത്രിയുടെ രാജി വൻ തിരിച്ചടിയാണ് നൽകിയത്.
അതേസമയം, മറ്റൊരു മന്ത്രിയായ ജിതിൻ പ്രസാദും മുഖ്യമന്ത്രി യോഗിയുമായി നീരസത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. തന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സസ്‌പെൻഡ് ചെയ്തതാണ് ജിതിൻ പ്രസാദയുടെ അതൃപ്തിക്ക് കാരണം. കഴിഞ്ഞ വർഷം യു.പി തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പാണ് പ്രസാദ കോൺഗ്രസിൽ നിന്നാണ് ബി.ജെ.പിയിൽ ചേർന്നത്.
പൊതുമരാമത്ത് വകുപ്പിന് നേരെ നിരവധി അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. വകുപ്പുതല സ്ഥലംമാറ്റങ്ങളിലെ ഗുരുതരമായ ക്രമക്കേടുകളുടെ പേരിൽ അഞ്ച് മുതിർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച യുപി സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പ്രസാദയുടെ അടുത്തയാളായ ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ കുമാർ പാണ്ഡെക്കെതിരെയും കൈക്കൂലി ആരോപണം ഉയർന്നിരുന്നു. തുടർന്ന് പാണ്ഡെയെ സസ്‌പെന്റ് ചെയ്യുകയും ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16