അയോധ്യയിൽ യോഗി ആദിത്യനാഥ് മത്സരിക്കും; യുപിയിലെ വെല്ലുവിളികൾ നേരിടാൻ ബിജെപി തന്ത്രം
രണ്ടു മന്ത്രിമാരടക്കം ആറു ബിജെപി എംഎൽഎമാർ പാർട്ടി വിട്ട യുപിയിൽ കനത്ത വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്
രണ്ടു മന്ത്രിമാരടക്കം ആറു ബിജെപി എംഎൽഎമാർ പാർട്ടി വിട്ട യുപിയിൽ ഭരണം നിലനിർത്താൻ നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമക്ഷേത്ര നിർമാണം നടക്കുന്ന അയോധ്യയിൽ മത്സരിക്കും. ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയും കോർ കമ്മിറ്റിയും ഉൾപ്പെട്ട ഹൈ ലെവൽ യോഗം ഡൽഹിയിൽ നടന്ന ശേഷമാണ് തീരുമാനം. ഖൊരക്പൂരിലെ പ്രധാന ക്ഷേത്രത്തിലെ പൂജാരിയായിരുന്ന യോഗിയെ പുണ്യനഗരിയായ അയോധ്യയിൽഅവതരിപ്പിച്ച് ഹിന്ദുത്വ അജണ്ടയിലൂടെ സംസ്ഥാനത്ത് വീണ്ടും ഭരണത്തിൽ വരാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 80% വും 20% തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് യോഗി പ്രസംഗിച്ചിരുന്നു. സംസ്ഥാനത്തെ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ജനസംഖ്യ ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ പരാമർശം.
'രാമക്ഷേത്രം പോലെ ഹിന്ദുക്കളെ ഒന്നിപ്പിച്ചു നിർത്തുന്ന വേറെ വിഷയമില്ല, ഇതൊരു വൈകാരിക വിഷയമാണ്. അയോധ്യ പോലെയൊരു സീറ്റിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥല്ലാതെ മറ്റാര് മത്സരിക്കും. രാമ ജന്മഭൂമി പ്രസ്ഥാനവുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കേ, സ്ഥാനാർത്ഥിത്വം ഏറെ പ്രതീകാത്മകമാണ്'' മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. 2017ൽ അയോധ്യ സീറ്റിൽ വിജയിച്ചത് ബിജെപിയുടെ തനെ വേദ് പ്രകാശ് ഗുപ്തയാണ്. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടമായ ഫെബ്രുവരി 27നാണ്. യോഗിയെ മഥുര സീറ്റിൽ മത്സരിപ്പിക്കണമെന്ന് ബിജെപി രാജ്യസഭാംഗമായ ഹർനാഥ് സിങ് യാദവ് പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡക്ക് കത്തയച്ചിരുന്നു. മന്ത്രിയായ ശ്രീകാന്ത് ശർമയാണ് ഇവിടുത്തെ ജനപ്രതിനിധി. മഥുരയിലെ ബ്രാജ് റീജിയനിൽവെച്ച് ജൻവിശ്വാസ് യാത്രക്ക് യോഗി ഫ്‌ളാഗ് ഓഫ് ചെയ്തതോടെ മണ്ഡലത്തിൽ മത്സരിക്കുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു.
Just in : Media sources report CM Yogi Adityanath will contest elections from Ayodhya. #UttarPradeshElection2022#YogiAdityanath @pradip103
— Jan Ki Baat (@jankibaat1) January 12, 2022
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് മത്സരിച്ചിരുന്നില്ല, യുപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് മുഖ്യമന്ത്രിയായത്. ഹിന്ദുത്വ വോട്ട് ബാങ്കിനെ പ്രചോദിപ്പിക്കാൻ യോഗി മത്സരരംഗത്തിറങ്ങുന്നത് സഹായിക്കുമെന്നാണ് പാർട്ടി കരുതുന്നത്. അതുകൊണ്ടാണ് ഏറ്റവും ശ്രദ്ധേയമായ മണ്ഡലത്തിൽ തന്നെ മത്സരിക്കുന്നത്. പ്രധാന എതിരാളിയായ എസ്പി നേതാവ് അഖിലേഷ് യാദവ് മത്സരിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മത്സരിക്കുമെന്നാണ് പറയുന്നത്. യോഗി മത്സരിക്കുന്നതോടെ ഇദ്ദേഹവും മായാവതിയുമൊക്കെ മത്സരിക്കാൻ നിർബന്ധിതരാകും. കഴിഞ്ഞ 15 വർഷത്തിനിടെ യുപി മുഖ്യമന്ത്രി പദത്തിലെത്തിയവരൊന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഇവരെല്ലാം ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് മുഖ്യമന്ത്രിയായത്.
മന്ത്രിമാരുടെ കൂട്ടരാജി; ഒബിസി വോട്ടിൽ ചോർച്ചയുണ്ടാക്കും; യുപിയിൽ ബിജെപിക്ക് ആധി
സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്നാലെ ദാരാ സിങ് ചൗഹാൻ കൂടി യോഗി മന്ത്രിസഭയിൽനിന്നു രാജി വച്ചതോടെ യുപി ബിജെപിയിലെ പ്രതിസന്ധി രൂക്ഷമാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിട്ടും വഴങ്ങാതെയാണ് ചൗഹാൻ രാജി വച്ചത്. മന്ത്രിമാർക്ക് പുറമേ, നാല് എംഎൽഎമാർ കൂടി പാർട്ടി വിട്ടിട്ടുണ്ട്. 24 മണിക്കൂറിനകമാണ് ആറു മുതിർന്ന നേതാക്കൾ പാർട്ടി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്. ബിജെപിയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൊഴിഞ്ഞു പോക്കാണ് യുപിയിലേത്. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നേതാക്കളാണ് ഇപ്പോൾ രാജി സമർപ്പിച്ചവരിൽ മിക്കവരും. തെരഞ്ഞെടുപ്പിൽ ഒബിസി വോട്ടുകൾ എങ്ങോട്ടു പോകുമെന്ന സൂചന കൂടിയാണ് രാജികൾ. ഒബിസി വിഭാഗങ്ങൾക്ക് സർക്കാറിൽ നിന്ന് നീതി കിട്ടിയില്ല എന്നാണ് പുറത്തു പോകുന്നവരുടെ പ്രധാന ആരോപണം.
തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിക്കപ്പെടുന്ന എംഎൽഎമാർ ഇനിയും പാർട്ടി വിടുമെന്നാണ് സൂചന. ഭരണവിരുദ്ധ വികാരം മറികടക്കാൻ 25-35 ശതമാനം എംഎൽഎമാർക്കും ബിജെപി ടിക്കറ്റ് നൽകില്ലെന്നാണ് കരുതപ്പെടുന്നത്. മികച്ച പ്രകടനം നടത്താത്ത സിറ്റിങ് എംഎൽഎമാർക്ക് ഇതോടെ സീറ്റു നഷ്ടപ്പെട്ടേക്കും. എംഎൽഎമാർക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് ജൻകി ബാത് അഭിപ്രായ സർവേ വ്യക്തമാക്കിയിരുന്നു. മൗര്യ (ഖുഷ്‌വാഹ) സമുദായത്തിൽനിന്നുള്ള മുതിർന്ന നേതാവാണ് സ്വാമി പ്രസാദ് മൗര്യ. ഈ സമുദായത്തെ കൂടെ നിർത്താനാണ് മൗര്യയ്ക്ക് കാബിനറ്റിൽ ഇടം നൽകിയിരുന്നത്. മറ്റൊരംഗം കേശവ് പ്രസാദ് മൗര്യ സംസ്ഥാന ഉപമുഖ്യമന്ത്രിയാണ്.
മൗര്യ സമുദായത്തിൽ നിന്നുള്ള പാർട്ടിയായ മഹാൻ ദളുമായി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി സഖ്യമുണ്ടാക്കിയിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിൽ (പൂർവ്വാഞ്ചൽ) ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ മൗര്യയിലൂടെ എസ്പിക്ക് ആകുമെന്ന് കരുതപ്പെടുന്നു. സംസ്ഥാന ജനസംഖ്യയിൽ ആറു ശതമാനത്തോളമാണ് മൗര്യ സമുദായം. ലോധ്, കുർമി, മൗര്യ, നിഷാദ്, പട്ടേൽ, പ്രജാപതി സമുദായങ്ങൾ ഉൾക്കൊള്ളുന്നതാണ് ബിജെപിയുടെ വോട്ടുബാങ്ക്. ഇവരിൽ എഴുപതിലേറെ ഉപജാതികളുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം വരുമിത്. ഹിന്ദുത്വ ബാനറിന് കീഴിൽ യാദവ വിരുദ്ധ സഖ്യമായാണ് ബിജെപി ഈ ചെറുസംഘങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ജാതികളിൽ നിന്നുള്ള അംഗങ്ങൾക്കെല്ലാം മന്ത്രിസഭാ പുനഃസംഘടനയിൽ ബിജെപി ഇടം നൽകിയിരുന്നു.
Uttar Pradesh cabinet Minister and BJP leader Dara Singh Chauhan quits from his post pic.twitter.com/PWvCNUq4zm
— ANI UP/Uttarakhand (@ANINewsUP) January 12, 2022
പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നുനിയ സമുദായത്തിൽ നിന്നുള്ള അംഗമാണ് ദാരാ സിങ് ചൗഹാൻ. കിഴക്കൻ യുപിയിലെ പ്രബല സമുദായമാണിത്. സമുദായത്തില്‍ മായാവതിയുടെ ബിഎസ്പിക്ക് വേരുകളുണ്ട്. 28 ജില്ലകളിൽ പടർന്നു കിടക്കുന്ന പൂർവ്വാഞ്ചലിൽ 164 നിയമസഭാ സീറ്റുകളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയും യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരും ഇവിടെയാണ്. 2017ലെ തെരഞ്ഞെടുപ്പിൽ 164ൽ 115 സീറ്റിലും വിജയിച്ചത് ബിജെപിയായിരുന്നു. 17 സീറ്റു മാത്രമാണ് മുഖ്യപ്രതിപക്ഷമായ എസ്.പിക്ക് കിട്ടിയത്. ബിഎസ്പിക്ക് 15 ഉം കോൺഗ്രസിന് രണ്ടും സീറ്റു കിട്ടി. 15 സീറ്റിൽ സ്വതന്ത്രർ വിജയിച്ചു. എസ്പിയുടെ ശക്തികേന്ദ്രമായ അസംഗഢും ബിഎസ്പി കേന്ദ്രമായ അംബേദ്കർ നഗറും പൂർവ്വാഞ്ചലിലാണ്. 2017ൽ വാരാണസിയിലെ ഏഴു സീറ്റും ജയിച്ചത് ബിജെപിയാണ്. 2012ൽ എസ്.പി 80 സീറ്റു നേടിയ മേഖല കൂടിയാണിത്.
ശ്രീകൃഷ്ണനും യുപി രാഷ്ട്രീയവും
ശ്രീകൃഷ്ണന്റെ പേരിലും യുപിയിൽ കുറച്ചായി രാഷ്ട്രീയപ്പോര് നടക്കുകയാണ്. അഖിലേഷ് യാദവിനെ ഭഗവാൻ കൃഷ്ണൻ ശപിക്കുമെന്ന് യോഗി ആദിത്യനാഥ് വിമർശിച്ചിരുന്നു. ഭരണത്തിലിരുന്നിട്ടും മഥുരക്കും വൃന്ദാവനും വേണ്ടി ഒന്നും ചെയ്യാത്തവരെ കൃഷ്ണൻ ശപിക്കുമെന്ന് പറഞ്ഞാണ് മുമ്പ് സംസ്ഥാനം ഭരിച്ച അഖിലേഷിനെ ആദിത്യനാഥ് പേരെടുത്തു പറയാതെ വിമർശിച്ചത്. ഭഗവാൻ കൃഷ്ണൻ എല്ലാ ദിവസവും തനിക്ക് സ്വപ്നത്തിൽ ദർശനം നൽകാറുണ്ടെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പി പാർട്ടി ജയിക്കുമെന്ന് ഭഗവാൻ കൃഷ്ണൻ പറയാറുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് ആദിത്യനാഥിന്റെ പരാമർശം. അലിഗഢിൽ നടന്ന സർക്കാർ ചടങ്ങിലാണ് കൃഷ്ണനെ കൂട്ടുപിടിച്ച് യോഗി രാഷ്ട്രീയം പറഞ്ഞത്. ചില ആളുകൾ ഇപ്പോൾ കൃഷ്ണനെ സ്വപ്നത്തിൽ കാണുകയാണെന്നും അവരുടെ പരാജയങ്ങളിൽ ചുരുങ്ങിയത് കരയാനെങ്കിലും പറയണമെന്നും ആദിത്യനാഥ് പറഞ്ഞു. മഥുരയും വൃന്ദാവനും കൃഷ്ണന്റെ നഗരങ്ങളായാണ് വിശ്വസിക്കപ്പെടുന്നത്. ഇവക്ക് വേണ്ടി അഖിലേഷ് യാദവിന്റെ കീഴിലുണ്ടായിരുന്ന സമാജ്‌വാദി സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് ആദിത്യനാഥ് ആരോപിച്ചത്.
ബി.ജെ.പി രാജ്യസഭാ എം.പി ഹർനാഥ് സിങ് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദക്ക് അയച്ച കത്തിലെ പരാമർശത്തിനുള്ള മറുപടിയായാണ് അഖിലേഷ് പ്രസ്താവന നടത്തിയിരുന്നത്. മഥുര സീറ്റിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ നിർത്തണമെന്നും അവിടെ യോഗി നിന്നാൽ വിജയം സുനിശ്ചിതമാണെന്നു ശ്രീകൃഷ്ണൻ തനിക്ക് സ്വപ്ന ദർശനം നൽകിയെന്നും കത്തിൽ ഹർനാഥ് സിങ് അവകാശപ്പെട്ടിരുന്നു.
Chief Minister Yogi Adityanath will contest in Ayodhya, where the Ram temple is under construction, to retain power in UP, where six BJP MLAs, including two ministers, have left the party.
Adjust Story Font
16