രാഹുലിന്റെ തടവുശിക്ഷ, വീണ്ടും ഹിൻഡൻബർഗ് 'ബോംബ്'; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ
ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയെന്ന റെക്കോർഡാണ് യോഗി സ്വന്തമാക്കുക
'ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി' #IndiaKeFavouriteCM
മാർച്ച് 25ന് പുതിയ റെക്കോർഡ് കുറിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയെന്ന റെക്കോർഡാണ് യോഗി സ്വന്തമാക്കുക. രാജ്യവ്യാപകമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ് യുപി. ഇതിന്റെ ഭാഗമായി ട്വിറ്ററിലും ട്രെൻഡിങ് യോഗി തന്നെ.
തുടർച്ചയായി ആറ് വർഷവും ആറ് ദിവസവും മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നതിന്റെ റെക്കോർഡാണ് മാർച്ച് 25ന് യോഗിയെ തേടിയെത്തുക. 1954 മുതൽ 1960 വരെ അഞ്ച് വർഷവും 345 ദിവസവും കോൺഗ്രസിലെ ഡോക്ടർ സമ്പൂർണാനന്ദിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇതാണ് യോഗി തകർക്കുക. ലഖ്‌നൗവിൽ വാർത്താസമ്മേളനം നടത്തി ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ചടങ്ങിൽ പാർട്ടി ഭാരവാഹികളും പങ്കെടുക്കും.
വിശുദ്ധിയുടെ ദിനരാത്രങ്ങളുമായി റമദാൻ #RamadanKareem
ഇന്ന് റമദാന്‍ വ്രതാരംഭം. വ്രതം അനുഷ്ടിച്ച് ആരാധനാ കർമ്മങ്ങൾ അധികരിപ്പിച്ച് ഇസ് ലാമിക വിശ്വാസികള്‍ ആത്മസംസ്കരണത്തിനായി പരിശ്രമിക്കുന്ന മാസം. ദാനദർമ്മങ്ങള്‍ വർധിക്കുന്ന മാസം കൂടിയാണ് റമദാന്‍.
ചന്ദ്രപ്പിറ ഇന്നലെ ആകാശത്ത് ദർശിച്ചതോടെ വിശ്വാസികള്‍ റമദാനിന്‍റെ പുണ്യദിനങ്ങളിലേക്ക് പ്രവേശിച്ചു. ഇന്നലെ രാത്രി തറാവീഹ് നമസ്കാരത്തോടെ കർമങ്ങള്‍ തുടങ്ങിയ വിശ്വാസികള്‍ ഇന്ന് ആദ്യവ്രതം അനുഷ്ടിക്കുകയാണ്. ഖുർആന്‍ അവതരിച്ച മാസമാണ് റമദാന്‍. നൊയമ്പിനും നമസ്കാരത്തിനും ഒപ്പം ഖുർആന്‍ പാരായണത്തിനും പഠനത്തിനും വിശ്വാസികള്‍ കൂടുതല്‍ സമയം കണ്ടെത്തും.
അഞ്ചുനേരത്തെ നമസ്കാരങ്ങള്‍ക്കായി പള്ളികളില്‍ കൂടുതലായി എത്തുന്ന വിശ്വാസികള്‍ രാത്രിയില്‍ പ്രത്യേക നമസ്കാരത്തിനും കൂട്ടത്തോടെ എത്തും. പുണ്യങ്ങള്‍ക്ക് എഴുപതിരട്ടി പ്രതിഫലം ലഭിക്കുമെന്ന വിശ്വസിക്കുന്ന മാസത്തില്‍ ദാനധർമ്മങ്ങള്‍ നല്‍കാനും റിലീഫ് പ്രവർത്തനങ്ങള്‍ക്കും വിശ്വാസികള്‍ സമയം വിനിയോഗിക്കും.
രാഹുൽ ഗാന്ധിക്ക് തടവുശിക്ഷ #RahulGandhi
മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നൽകിയത്.
വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. അതേസമയം, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം രാഹുലിന്റെ ശിക്ഷ കോടതി സ്‌റ്റേ ചെയ്തില്ലെങ്കിൽ സാങ്കേതികമായി ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെടും. ഒരു വ്യക്തിയെ ക്രിമിനൽ കേസിൽ രണ്ടോ അതിൽ കൂടുതൽ വർഷത്തേക്കോ ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധി എന്ന നിലയിൽ അയോഗ്യനാക്കണമെന്നാണ് നിയമം പറയുന്നത്. കോടതി വിധി സ്‌റ്റേ ചെയ്താൽ രാഹുൽഗാന്ധിക്ക് ജനപ്രതിനിധിയായി തുടരാം. എന്നാൽ അപ്പീലുമായി പോയാൽ രാഹുലിന്റെ ശിക്ഷാവിധി സ്‌റ്റേ ചെയ്യുമോ എന്ന് വരും ദിവസങ്ങളിലേ അറിയാനാകൂ.
വീണ്ടും 'ബോംബുമായി' ഹിൻഡൻബർഗ് #HindenbergResearch
അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് ഉടനെത്തും. പുതുതായി പുറത്തുവിടാൻ പോകുന്ന റിപ്പോർട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കാതെയാണ് മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഹിൻഡൻ ബർഗ് അറിയിച്ചത്. ജനുവരി 24ന് ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ട് അദാനി ഗ്രൂപ്പിന് വൻ തിരിച്ചടിയാണുണ്ടാക്കിയത്.
വൻ ബിസിനസ് ഗ്രൂപ്പിനെതിരെയായിരിക്കും റിപ്പോർട്ടെന്നാണ് സൂചന. അദാനി ഗ്രൂപ്പിനെ വൻ പ്രതിസന്ധിയിലേക്ക് തള്ളിയിടാൻ ഹിൻഡൻബെർഗിനായിരുന്നു. 150 ബില്യൺ ഡോളറിലധികം ആസ്തിയുണ്ടായിരുന്ന ഗൗതം അദാനിയുടെ ഇപ്പോഴത്തെ ആസ്തി 53 ബില്യൺ മാത്രമാണ്. ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിലും അദാനി പിന്തള്ളപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടനു പിന്നാലെ 120 ബില്യണിലധികം ഡോളറുകളുടെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്.
രാഘവ് ഛദ്ദയ്‌ക്കൊപ്പം പരിനീതി #ParineetiChopra
എഎപി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് നടി പരിനീതി ചോപ്രയുമാണ് ട്വിറ്ററിലെ പ്രധാന ചർച്ചാവിഷയം. ഇരുവരും ഒന്നിച്ച് മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് പുറത്തുവരുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിനീതി എഎപിയിൽ ചേർന്നോ അതോ രാഘവ് ഛദ്ദ ബോളിവുഡിലേക്കോ എന്നതാണ് പലരുടെയും സംശയം. ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തിൽ അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഘവ് ഛദ്ദക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
Adjust Story Font
16