'ഒന്ന് രണ്ടുദിവസമൊക്കെ നിങ്ങൾക്ക് മാംസം കഴിക്കാതിരിക്കാം'; ഹരജിക്കാരനോട് ഗുജറാത്ത് ഹൈക്കോടതി
ജൈനമത ഉത്സവത്തെ തുടര്‍ന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ ഏക അറവുശാല അടച്ചിടാൻ നിർദേശിച്ചിരുന്നു
ഡൽഹി: കുറച്ച് ദിവസത്തേക്ക് മാംസം കഴിക്കരുതെന്ന് സ്വയം നിയന്ത്രിച്ചു കൂടെയെന്ന് ഗുജറാത്ത് ഹൈക്കോടതി ഹരജിക്കാരനോട് ചോദിച്ചതായി റിപ്പോര്‍ട്ട്. ജൈനമത ഉത്സവം നടക്കുന്നതിനാൽ അഹമ്മദാബാദിലെ അറവുശാല താത്കാലികമായി അടച്ചിട്ടതിനെ ചോദ്യം ചെയ്ത ഹരജിക്കാരോടാണ് ഹൈക്കോടതി ജസ്റ്റിസ് ഇക്കാര്യം ചോദിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) ജൈനമത ഉത്സവം കാരണം ഓഗസ്റ്റ് 24 നും 31 നും സെപ്റ്റംബർ 4 നും 9 നും ഇടയിൽ നഗരത്തിലെ ഏക അറവുശാല അടച്ചിടാൻ നിർദേശിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അറവുശാല അടച്ചിടാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തും എഎംസി ഉത്തരവ് ജനങ്ങളുടെ ഭക്ഷണത്തിനുള്ള അവകാശത്തെ തടയുന്നുവെന്ന് കാണിച്ച് കുൽ ഹിന്ദ് ജാമിയത്ത്-അൽ ഖുറേഷ് ആക്ഷൻ കമ്മിറ്റി ഗുജറാത്ത് ഹൈക്കോടതിൽ ഹരജി നൽകിയത്.
ഇത് പരിഗണിക്കുമ്പോഴാണ് ഒന്നോ രണ്ടോ ദിവസം മാംസാഹാരം കഴിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് സ്വയം നിയന്ത്രണമേർപ്പെടുത്താമെന്ന് ജസ്റ്റിസ് സന്ദീപ് ഭട്ട് മറുപടി നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.വാദം കേട്ട ശേഷം ജസ്റ്റിസ് ഭട്ട് കേസ് പരിഗണിക്കാൻ സെപ്റ്റംബർ രണ്ടിലേക്ക് മാറ്റി.
വിഷയം സ്വയം നിയന്ത്രിക്കലല്ല, മറിച്ച് മൗലികാവകാശങ്ങളെക്കുറിച്ചാണെന്ന് ഹരജിക്കാരനായ ഡാനിഷ് ഖുറേഷി റസാവാല പ്രതികരിച്ചു. തെരുവിൽ നിന്ന് സസ്യേതര ഭക്ഷണങ്ങൾ വിൽക്കുന്ന ഉന്തുവണ്ടികൾ നീക്കം ചെയ്യുന്നുണ്ടെന്ന ഹരജിയിൽ കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി സർക്കാറിനോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ ആരോപണം സംസ്ഥാന സർക്കാർ നിഷേധിച്ചിരുന്നു.
Adjust Story Font
16