'അഭിപ്രായ സ്വാതന്ത്ര്യത്തിന് സംരക്ഷണമുണ്ടാകും; ഒരു സമൂഹത്തെ അധിക്ഷേപിക്കാൻ അനുവദിക്കില്ല'; കേരള സ്റ്റോറിയിൽ സുപ്രിംകോടതി
32,000 പേരെ മതം മാറ്റിയെന്ന ആരോപണം വസ്തുതകളെ വളച്ചൊടിക്കലാണെന്നും ഇതിന് ആധികാരിക രേഖകളില്ലെന്ന് എഴുതിക്കാണിക്കണമെന്നും കോടതി നിർദേശിച്ചു.
ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുമ്പോൾ തന്നെ ഒരു സമൂഹത്തെ അധിക്ഷേപിക്കുന്നതും അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും കേരള സ്റ്റോറി സിനിമ നിരോധിച്ചതിനെതിരെ നിർമാതാവ് സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പാർദിവാല എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ പ്രദർശനം നടത്താമെങ്കിൽ ബംഗാളിൽ മാത്രം പ്രദർശന വിലക്ക് എന്തിനാണെന്ന് ചോദിച്ച കോടതി വിലക്ക് സ്‌റ്റേ ചെയ്തു. പ്രത്യക്ഷമായോ പരോക്ഷമായോ പ്രദർശനം തടയരുതെുന്നും കോടതി പറഞ്ഞു.
അതേസമയം 32,000 പേരെ മതം മാറ്റിയെന്ന് പറയുതിന് ആധികാരിക രേഖകളില്ലെന്ന് നിർമാതക്കൾ കോടതിയിൽ സമ്മതിച്ചു. 32,000 പേരെ മതം മാറ്റിയെന്ന ആരോപണം വസ്തുതകളെ വളച്ചൊടിക്കലാണെന്നും ഇതിന് ആധികാരിക രേഖകളില്ലെന്ന് എഴുതിക്കാണിക്കണമെന്നും കോടതി നിർദേശിച്ചു. 40 മണിക്കൂറിനുള്ളിൽ ഇക്കാര്യം നടപ്പാക്കണമെന്നും കോടതി പറഞ്ഞു.
മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണമാണ് സിനിമയിലുള്ളതെന്ന് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് വേണ്ടി ഹാജരായ കപിൽ സിബലും ഹുസേഫ അഹമ്മദിയും പറഞ്ഞു. ബെഞ്ച് സിനിമ കാണുകയാണെങ്കിൽ കൂടുതൽ വാദങ്ങൾ ആവശ്യമില്ലെന്നും ഹുസേഫ അഹമ്മദി ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച ചീഫ് ജസ്റ്റിസ് തങ്ങൾ സിനിമ കണ്ട ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി. വേനലവധിക്ക് ശേഷം ജൂലൈ 18ന് ഹരജിയിൽ കോടതി വീണ്ടും വാദം കേൾക്കും.
Adjust Story Font
16