Quantcast

'മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കലാപത്തിനു പ്രേരണ നൽകിയ ആളാണ് താങ്കൾ'; മോദിയെ കടന്നാക്രമിച്ച് ഖാർഗെ

'എപ്പോഴും രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ടല്ലോ താങ്കൾ.. മുഖ്യമന്ത്രി ആയിരുന്നപ്പോൾ താങ്കളെന്താണു ചെയ്തത്?'

MediaOne Logo

Web Desk

  • Updated:

    2024-02-08 15:29:20.0

Published:

8 Feb 2024 3:28 PM GMT

You instigated riots when you were CM: Congress president Mallikarjun Kharge targets PM Narendra Modi In Congresss Black Paper
X

നരേന്ദ്ര മോദി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രസംഗങ്ങളിലൂടെ കലാപത്തിനു പ്രേരണ നൽകിയയാളാണു താങ്കളെന്ന് ഖാർഗെ വിമർശിച്ചു. മോദി സർക്കാരിന്റെ പത്തു വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് പുറത്തിറക്കിയ 'കറുത്തപത്ര'ത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു പരാമർശം.

താങ്കൾ ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് സംസ്ഥാനത്തിന് നികുതിയുടെ 50 ശതമാനം ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. അത് ഗുജറാത്തിനു ലഭിച്ചിട്ടില്ലെങ്കിൽ ജനങ്ങൾ നികുതി നൽകരുതെന്നു വരെ ജനങ്ങളോട് ആഹ്വാനം ചെയ്തയാളാണു താങ്കൾ. കേന്ദ്രത്തിന് 48,600 കോടി രൂപ നികുതിയിനത്തിൽ നൽകിയിട്ടും ഗുജറാത്തിന് ലഭിച്ചത് 2.5 ശതമാനമാണെന്നായിരുന്നു പറഞ്ഞത്. ഇതേകാര്യം പ്രതിപക്ഷമാണു പറഞ്ഞിരുന്നതെങ്കിൽ ദേശദ്രോഹികളെന്ന് ആക്ഷേപിക്കുമായിരുന്നു താങ്കൾ. രാജ്യത്തെ വിഭജിക്കുകയാണെന്ന് ആരോപിക്കുമായിരുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി.

''താങ്കളെന്താണ് ചെയ്തത്? എപ്പോഴും രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ടല്ലോ.. കലാപത്തിനു പ്രേരണ നൽകിയയാളാണു താങ്കൾ. പ്രസംഗങ്ങളിലൂടെ കലാപത്തിനു പ്രേരണ നൽകി. മുഖ്യമന്ത്രിയായിരുന്നപ്പോൾ താങ്കളെന്താണു ചെയ്തത്?''-ഖാർഗെ വിമർശിച്ചു.

മോദി സർക്കാരിനു കീഴിലുള്ള തൊഴിലില്ലായ്മ, ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് '10 സാൽ, അന്യായ് കാൽ' എന്ന പേരിൽ കോൺഗ്രസ് കറുത്തപത്രം പുറത്തിറക്കിയത്. യു.പി.എ കാലത്തെ രാജ്യത്തെ സമ്പദ്ഘടനയെക്കുറിച്ചുള്ള ധവളപത്രം മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെയാണ് കോൺഗ്രസ് നീക്കം.

ബി.ജെ.പി ഒരു കാലത്തും സംസാരിക്കാത്ത തൊഴിലില്ലായ്മയാണ് കോൺഗ്രസ് ഉയർത്തുന്നതെന്ന് പ്രകാശന ചടങ്ങിൽ ഖാർഗെ പറഞ്ഞു. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 411 എം.എൽ.എമാരെയാണ് ബി.ജെ.പി റാഞ്ചിയത്. നിരവധി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചു. അവർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. കേരളം, കർണാടക, തെലങ്കാന ഉൾപ്പെടെയുള്ള ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം തുടരുകയാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

Summary: 'You instigated riots when you were CM': Congress president Mallikarjun Kharge targets PM Narendra Modi In Congress's 'Black Paper'

TAGS :

Next Story