'നിങ്ങളെന്നെ കയ്യേറ്റം ചെയ്യുന്നു, ഇതാണോ നിങ്ങളുടെ നിയമം?' യു.പി പൊലീസിനോട് പ്രിയങ്ക ഗാന്ധി
ഒരു സ്ത്രീയെന്ന പരിഗണന പോലും പ്രിയങ്കയ്ക്ക് പൊലീസ് നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു
ലഖിംപൂര്‍ സന്ദര്‍ശനത്തിനായി തിരിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് യു.പി പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഒരു സ്ത്രീയെന്ന പരിഗണന പോലും പ്രിയങ്കയ്ക്ക് പൊലീസ് നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. ഇതിനിടെ പ്രിയങ്കയും പൊലീസും തമ്മിലെ വാഗ്വാദത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പൊലീസ് എന്തിനാണ് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ഇതാണോ നിങ്ങളുടെ നിയമമെന്നും പ്രിയങ്ക ചോദിക്കുന്നു. പൊലീസുകാര്‍ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ തൊടരുതെന്നും വനിതാ പൊലീസുകാർക്കിടയിലേക്ക് തള്ളിയിടരുതെന്നും പ്രിയങ്ക പറയുന്നുണ്ട്.
"നിങ്ങൾ കർഷകരെ കാറിടിച്ച് കൊല്ലുന്നു, അവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ എന്നെ മാറ്റാൻ ശ്രമിക്കുന്നത്? അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് കാണിക്കൂ. ഏത് സർക്കാറിനെയാണ് നിങ്ങൾ പ്രതിരോധിക്കുന്നത്? നിങ്ങളുടെ സംസ്ഥാനത്ത് നിയമം ഇല്ലായിരിക്കാം, രാജ്യത്തുണ്ട്." പ്രിയങ്ക ഗാന്ധി യു.പി പൊലീസിനോട് രോഷാകുലയായി പ്രതികരിച്ചു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ, കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ ലഖിംപൂര്‍ സന്ദര്‍ശിക്കാനിറങ്ങിയ പ്രിയങ്കയെ യു.പി പൊലീസ് ഹര്‍ഗണില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, എസ്.പി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ പ്രദേശത്തേക്ക് തിരിച്ച നേതാക്കളെയെല്ലാം പൊലീസ് തടഞ്ഞു.
Adjust Story Font
16