Quantcast

ജാതീയ പരാമര്‍ശം: യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

യൂസ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി.

MediaOne Logo

Web Desk

  • Published:

    18 Oct 2021 3:25 AM GMT

ജാതീയ പരാമര്‍ശം: യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു
X

ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇടക്കാലജാമ്യത്തില്‍ വിട്ടു. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി.

2020 ജൂണിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയുമായി സംസാരിക്കവേ ചഹലിന്‍റെ ടിക് ടോക് വീഡിയോകളെ കുറിച്ച് യുവരാജ് ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പിന്നാക്കക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമുണ്ടായി. യുവരാജ് മാപ്പ് പറയണം എന്നായിരുന്നു ആവശ്യം. പരാമര്‍ശത്തില്‍ യുവരാജ് പിന്നീട് ഖേദം പ്രകടിപ്പിക്കുകയുണ്ടായി.

ഹരിയാനയിലെ ദലിത് ആക്ടിവിസ്റ്റ് രജത് കല്‍സന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ യുവരാജിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരമാണ് കേസെടുത്തത്. യുവരാജിനെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് രജത് കല്‍സന്‍ പറഞ്ഞു. എസ്‍സി, എസ്ടി വകുപ്പ് ചുമത്തിയിട്ടും യുവരാജിന് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോടതി ഉത്തരവിനെ തുടര്‍ന്ന് യുവരാജിനെ അറസ്റ്റ് ചെയ്‌തെന്നും ഇടക്കാല ജാമ്യത്തില്‍ വിട്ടെന്നും ഹരിയാന സീനിയര്‍ പൊലീസ് ഓഫിസര്‍ നികിത ഗെഹ്‍ലോട്ട് പറഞ്ഞു. എന്നാല്‍ യുവരാജിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ സഹായി ഷസ്മീന്‍ കാര പറയുന്നത്.

TAGS :

Next Story