' ഈ അച്ഛനാണ് യഥാർത്ഥ ഹീറോ'; രണ്ടുമക്കളെയും ചേർത്ത് പിടിച്ച് ജോലിക്കെത്തിയ സൊമാറ്റോ ഡെലിവറി ജീവനക്കാരന് അഭിനന്ദന പ്രവാഹം
ജീവനക്കാരന്റെ വിവരങ്ങൾ പങ്കുവെക്കാൻ സൊമാറ്റോയും ആവശ്യപ്പെട്ടിട്ടുണ്ട്
അതിജീവനത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് പലരും ജോലിക്ക് പോകുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ പോലും സഹിച്ച് ഫുഡ് ഡെലിവറിക്ക് പോകുന്നവരുടെയും കനത്ത മഴയിൽ അതൊന്നും കൂസാതെ ജോലി ചെയ്യുന്നവരുടെയും നിരവധി കഥകൾ ഇന്റർനെറ്റിലൂടെ ലോകം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, സൊമാറ്റോയുടെ ഡെലിവറി പാർട്ണറായി പ്രവർത്തിക്കുന്ന ഒരാളുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളുടെ ഹൃദയം കവർന്നത്.
തന്റെ രണ്ടുമക്കളെയും കൂടെകൂട്ടിയാണ് ഇദ്ദേഹം ഡെലിവറിക്ക് പോകുന്നത്. സൗരഭ് പഞ്ച്‍വാനിയെന്ന ഫുഡ് വ്‌ളോഗറാണ് ഡെലിവറി പാർടണറുടെ വീഡിയോ ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ചത്.
'ഇത് കണ്ടപ്പോൾ എനിക്കൊരുപാട് പ്രചോദനം തോന്നി. ഇദ്ദേഹം ദിവസം മുഴുവൻ രണ്ട് കുട്ടികളുമായി വെയിലത്ത് ജോലി ചെയ്യുന്നു. ഒരാൾക്ക് വേണമെങ്കിൽ എന്തും ചെയ്യാൻ കഴിയുമെന്ന് ഇദ്ദേഹത്തിൽ നിന്ന് നമ്മൾ പഠിക്കണം, എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ചെറിയമകളെ ബേബികാരിയർ ബാഗിൽ നെഞ്ചോട് ചേർത്താണ് അദ്ദേഹമെത്തിയത്. മകൻ തൊട്ടടുത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. ജോലിയെകുറിച്ചും കുട്ടികളെ കുറിച്ചുമെല്ലാം ഫുഡ് വ്‌ളോഗർ ചോദിക്കുന്നുണ്ട്. മകൻ ഭക്ഷണം ഡെലിവറി ചെയ്യാൻ സഹായിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
ഒരു ദശലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനകം തന്നെ കണ്ടത്. 'ജീവിതം വളരെ മനോഹരമാണ്, പക്ഷേ കഠിനമാണ് ഒരാൾ വീഡിയോക്ക് താഴെ കമന്റ് ചെയ്തു. ഈ അച്ഛനാണ് യഥാർഥ നായകൻ, ഈ വീഡിയോ കണ്ടിട്ട് വികാരാധീനനായി തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചത്. അതേസമയം, വീഡിയോക്ക് താഴെ സൊമാറ്റോയും കമന്റ് ചെയ്തു. ഈ ഡെലിവറി പാർട്ണറുടെ വിശദാംശങ്ങൾ സ്വകാര്യസന്ദേശത്തിൽ പങ്കിടുമോ എന്നാണ് സൊമാന്റോ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ വിവരങ്ങൾ ലഭിച്ചാൽ അദ്ദേഹത്തെ ബന്ധപ്പെടാനും സഹായിക്കാനും ചെയ്യുമെന്നും സൊമാറ്റോ കമന്റ് ചെയ്തു.
Adjust Story Font
16